
ഉള്ളിയേരിയിൽ ജ്വല്ലറി ബോക്സ് നിർമ്മാണ ശാലയിൽ വൻ തീപിടിത്തം; ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും കത്തിനശിച്ചു
ഉള്ളിയേരി: മുണ്ടോത്ത് ജ്വല്ലറികൾക്കാവശ്യമായ ഗോൾഡ് ബോക്സുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഫാക്ടറിയിലെ ഉപകരണങ്ങളും അസംസ്കൃത വസ്തുക്കളും ഏറെയും കത്തിനശിച്ചു. മുണ്ടോത്ത് പ്രവർത്തിക്കുന്ന താസ് ജ്വല്ലറി എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞ് കൊയിലാണ്ടിയിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയും നരിക്കുനി, പേരാമ്പ്ര സ്റ്റേഷനുകളിൽനിന്ന് ഓരോ യൂണിറ്റ് വീതവും സ്ഥലത്തെത്തി. അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
ഫാക്ടറിയിലെ അനുബന്ധ ഉപകരണങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി. അറുപതോളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.
കൊയിലാണ്ടി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എം. നേതൃത്വം നൽകി. എസ്.എഫ്.ആർ.ഒ. വിപിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് എൻ.എം., രതീഷ് കെ.എൻ., സുകേഷ് കെ.ബി., സാരംഗ്, അശ്വിൻ അശോക്, രജീഷ് വി.പി., സജീഷ് എന്നിവരും ഹോം ഗാർഡുമാരായ രാജേഷ് കെ.പി., പ്രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മറ്റു സ്റ്റേഷനുകളിൽനിന്നുള്ള 15 ഓളം അഗ്നിരക്ഷാസേനാംഗങ്ങളും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ബാലുശ്ശേരി എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.