രാഘവൻ അത്തോളി ;ശിലപോലുമലിയും
ഈ ശില്പിയുടെ കഥ കേട്ടാൽ
തയ്യാറാക്കിയത് സുനിൽ കൊളക്കാട്
ലക്കം - 11 25/08/24
നിന്നെ ഞാനെന്തു വിളിക്കും മെന്നവളെൻ്റെ നീറും മനസിൻ്റെ പായ വിരിക്കുന്നു, എന്ന് നെഞ്ചുരുകി രാഘവൻ അത്തോളി പാടുമ്പോൾ മൂകരായി കേൾക്കാൻ കുറെ ശിൽപ്പങ്ങൾ മാത്രം. രാഘവന്റെ കുത്തുളികളിൽ നിന്നും വിരിഞ്ഞു വന്ന ശില്പങ്ങൾ നൊമ്പരങ്ങളുടെയും അവഗണനയുടേയും മാറാല കെട്ടിക്കിടക്കുമ്പോൾ രാഘവൻ ചോദിക്കുന്നു…നിന്നെ ഞാനെന്തു വിളിക്കും?
അകത്തെ മുറിയിൽ കൂട്ടിയിട്ട ശില്പങ്ങളുടെ നിലവിളികൾ കേൾക്കുമ്പോൾ രാഘവന് ഉറങ്ങാൻ കഴിയുന്നില്ല. അവയ്ക്ക് സ്വാതന്ത്ര്യം കൊടുക്കാൻ രാഘവന് ആരോഗ്യവുമില്ല. രോഗം രാഘവനെ തളർത്തിയിട്ടുണ്ട്. ഇരുന്ന് എഴുതാനോ ഉളി കൊണ്ട് ശില്പം കൊത്താനോ കഴിയാതെ രാഘവൻ അസ്വസ്ഥനാവുകയാണ്. ക്ഷയരോഗബാധിതനായി ഒരു വർഷത്തോളമായി രാഘവൻ ചികിത്സയിലാണ്. സ്വന്തം വീട്ടിൽ രാഘവൻ മൂത്തമകൻ യതിയുടെ പരിചരണത്തിലാണ്.
സ്വന്തമായി മറ്റൊരു വരുമാനവും ഇല്ലാതെ അഭ്യുദയകാംഷയുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിൽ കഴിഞ്ഞുപോവുകയാണ് ഈ അനുഗ്രഹീത ശില്പിയും കവിയും എഴുത്തുകാരനുമായ രാഘവൻ അത്തോളി. പ്രായം 67 കഴിഞ്ഞെങ്കിലും 60 വയസ്സ് കഴിഞ്ഞവർക്ക് ലഭിക്കേണ്ട അവശ കലാകാര പെൻഷൻ കൂടി രാഘവന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 2018 മൂന്നുതവണ സാംസ്കാരിക വകുപ്പിപ്പിന് അപേക്ഷ എഴുതി നൽകിയിട്ടും പെൻഷൻ അനുവദിച്ചില്ല കൊറോണക്കുശേഷം വീണ്ടും ഓൺലൈനായി അപേക്ഷ നൽകിയെങ്കിലും അതിനും മറുപടിയില്ല. നാട്ടിൽ നിന്നു ലഭിച്ച ജാതീയമായ തിക്താനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നുള്ള തീഷ്ണമായ വരികളിലൂടെ അനുവാചകരെ ഉഷ്ണ സഞ്ചാരം എടുപ്പിച്ച കവി ഇപ്പോൾ മരുന്നിനും ഭക്ഷണത്തിനും സഹൃദയരുടെ സഹായം തേടുകയാണ്.
300 ലേറെ ശില്പങ്ങൾ തടിയിൽ തീർത്ത രാഘവൻ്റെ കിടപ്പുമുറിയിൽ 160 ഓളം ശിൽപ്പങ്ങൾ പൊടിപിടിച്ചു കിടക്കുന്നുണ്ട്.
120 ശില്പങ്ങൾ ദില്ലിയിലെ കാഞ്ചൻ ജംഗ അപ്പാർട്ട്മെന്റിലെ ആർട്ട് ഗാലറിയിൽ രണ്ടായിരാമാണ്ടിൽ വിൽക്കാൻ ഏൽപ്പിച്ച് പോന്നതാണ്. പക്ഷേ കാൽ നൂറ്റാണ്ടായിട്ടും ശില്പവും ഇല്ല അതിൻറെ വിലയും ലഭിച്ചിട്ടില്ല. വിളിച്ചാൽ ഫോൺ എടുക്കാത്ത ദില്ലിയിലെത്തി അത് അന്വേഷിക്കാനുള്ള ആരോഗ്യമോ ശേഷിയോ രാഘവനും കുടുംബത്തിനും ഇല്ല. കൂടാതെ ദേശീയപാതയിൽ ചെട്ടികുളത്ത് 12 അടി ഉയരത്തിലുള്ള “വൈൽഡ് ഹെൽത്ത്” എന്ന ശില്പം റോഡ് കയ്യേറി എന്ന് പറഞ്ഞ് പിഡബ്ല്യുഡി കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് ഹില്ലിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച രാഘവനോട് അന്നത്തെ കോഴിക്കോട് കലക്ടർ ചൗഹാൻ ഈ ശില്പം സ്വപ്നനഗരിയിൽ സ്ഥാപിക്കാം എന്ന് ഉറപ്പുനൽകിയിരുന്നു. പക്ഷെ അത് പാലിക്കപ്പെടാതെ വന്നതോടുകൂടി രാഘവൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അത് രാഘവന് തിരിച്ചു നൽകാൻ ഉത്തരവ് ഇടുകയും ചെയ്തു. എന്നാൽ ഈ ശില്പം തിരിച്ചെടുക്കാൻ ഈസ്റ്റിലെ മ്യൂസിയത്തിൽ എത്തിയ രാഘവൻ കണ്ടത് ചിതലരിച്ചു നശിച്ചു പോയ തന്റെ മനോഹരമായ ശിൽപ്പമാണ്. വീണ്ടും വക്കീൽ മഞ്ചേരി സുന്ദരരാജ് വഴി കോടതിയെ സമീപിച്ചിട്ടും വർഷങ്ങൾ 20 കഴിഞ്ഞു. എന്നിട്ടും കോടതിവിധി ഉണ്ടാവുകയോ നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല. ഒരു വലിയ നോവൽ കിടന്ന് മനസ്സിൽ കടലിരമ്പുമ്പോൾ അത് കടലാസിലേക്ക് പകർത്താനുള്ള ആരോഗ്യം ഇല്ലാതെ രാഘവൻ കിതയ്ക്കുകയാണ്. ഇപ്പോൾ കാഴ്ചയും മങ്ങിത്തുടങ്ങി.
340 ഏറെ കൃതികൾ രചിച്ച രാഘവൻ്റെ 76 കൃതികൾ മാത്രമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അത്തോളി പഞ്ചായത്തിലെ വേളൂരിൽ ആണ് രാഘവനും മകനും താമസിക്കുന്നത്.
ജാതീയമായ അവഗണനയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് രാഘവൻഅത്തോളി എന്ന കവി. 1996 ൽ പ്രസിദ്ധപ്പെടുത്തിയ കണ്ടത്തി എന്ന കവിതാസമാഹാരത്തിൽ തുടങ്ങി ചോരപ്പരിശം എന്ന വൈക്കം മുഹമ്മദ് ബഷീർ അവാർഡ് കരസ്ഥമാക്കിയ നോവലിലൂടെ കവിതയും, നോവലും, ലേഖനങ്ങളും, കാർട്ടൂണുകളുമടക്കം 76 ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചിത്രകലയും, ശില്പവും കൂടെയുണ്ട്.
പുഴയിൽ മീൻ പിടിച്ചു വരുമ്പോൾ വഴിയരികിൽ കണ്ട മരക്കുറ്റി എടുത്തു വന്ന് ഇരുമ്പ് കമ്പി മൂർച്ചപ്പെടുത്തിയാണ് ആദ്യ ശില്പം ചെയ്തതെന്നും അയൽവാസികളായ ആശാരികളോട് ഒരു പഴയ ഉളി ചോദിച്ചിട്ട് തന്നില്ലെന്നും രാഘവനോർക്കുന്നു. കേരളത്തിനകത്തും പുറത്തുമായി 51 ശില്പ പ്രദർശനങ്ങളും 15000 ത്തിലേറെ ശില്പങ്ങളും ചെയ്തു കൊണ്ട് അത്തോളിയുടെ പേരിൽ അറിയപ്പെടുകയും ചെയ്ത രാഘവൻ അത്തോളി എന്ന ശിൽപ്പിയുടെ ദുഃഖം കണ്ടില്ലെന്ന് നടിക്കാൻ അത്തോളിക്കാരായ നമുക്കാവുമോ? ശിലകളെപോലും അലിയിക്കുന്ന ഈ ദുരിതകഥക്ക് അറുതി വരുത്താൻ മനസ്സലിവുള്ള സഹൃദയരുടെ സഹായം പ്രതീക്ഷിക്കുകയാണ് കവിയിപ്പോൾ. ഫോൺ നമ്പർ: 8089271482