അത്തോളിയിൽ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂൾ വേണ്ട.!?
അത്തോളി ന്യൂസ് സ്പെഷ്യൽ
തയ്യാറാക്കിയത്: സുനിൽ കൊളക്കാട്
അത്തോളി:പൊതു വിദ്യാഭ്യാസ യജ്ഞം എന്ന പേരിൽ സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ വിദ്യാർഥികൾക്ക് രക്ഷിതാക്കൾക്കും
അൺ എയ്ഡഡ് വിദ്യാലയങ്ങളോടാണിപ്പോഴും പ്രിയമെന്നാണ് കണക്ക് !
ഈ വർഷത്തെ സ്കൂൾ പ്രവേശനം പൂർത്തീകരിക്കുകയും ആറാം പ്രവർത്തി ദിവസം കണക്കുകൾ എടുക്കുകയും ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്തുവന്നിരിക്കുന്നത്.
അത്തോളി പഞ്ചായത്തിൽ
11 സർക്കാർ സ്കൂളുകളാണുള്ളത്. ഇതിൽ ഒരു ഹൈസ്കൂളും
10 പ്രൈമറി വിദ്യാലയങ്ങളുമാണുള്ളത്. 10 പ്രൈമറി വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സുകളിലേക്ക് അത്തോളിയിൽ മാത്രം പ്രവേശനം തേടിയത് 339 കുട്ടികളാണ്. ഇതിൽ 215 വിദ്യാർത്ഥികളാണ് സർക്കാർ സ്കൂളുകളിലെത്തിയത്. അതേസമയം 5 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ മാത്രം 124 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയെത്തിയത്. സർക്കാർ സ്കൂളുകളിലേക്ക് ഒന്നാം ക്ലാസിൽ ചേരാൻ 63% വിദ്യാർഥികൾ തയ്യാറായപ്പോൾ എഡഡ് സ്കൂളുകളിലേക്ക് 37% വിദ്യാർത്ഥികളാണ് പ്രവേശനം തേടിയത്. അതോടൊപ്പം എൽ കെ ജിയിലേക്ക് പൊതുവിദ്യാലയങ്ങളിൽ 130 കുട്ടികൾ മാത്രം പ്രവേശനം തേടിയപ്പോൾ അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് 200 ലധികം കുട്ടികളാണ് പ്രവേശനം നേടിയത്. ആറാം പ്രവർത്തി ദിവസ കണക്കുകൾ സർക്കാർ പലപ്പോഴും മൂടിവയ്ക്കുകയാണ് പതിവ്. പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾ കൂടിയെന്ന് പൊങ്ങച്ചം കാണിക്കാൻ വേണ്ടി ഇത്തരം കണക്കുകൾ പുറത്തുവിടാറില്ല. സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിരം അധ്യാപകരുടെ ഒഴിവുകൾ നികത്താതെ നിൽക്കുകയും താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതും സംസ്ഥാന സിലബസിനോടുള്ള രക്ഷിതാക്കളുടെ എതിർ മനോഭാവവും ആണ് സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ പിൻതിരിയാൻ കാരണമെന്ന് കരുതുന്നു. ഒരു പഞ്ചായത്തിലെ മാത്രം കണക്ക് ഇതായിരിക്കെ സംസ്ഥാനമൊട്ടുക്കും കണക്കെടുത്തു നോക്കിയാൽ കൊട്ടിഘോഷിക്കപ്പെടുന്ന കണക്കിന് വിപരീതമായി പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ വലിയ കുറവ് ഉണ്ടാവാൻ സാധ്യതയുണ്ട്. കിഫ്ബി പദ്ധതിയിലൂടെയും എം എൽഎ, എം പി ഫണ്ടുകളും മറ്റും ഉപയോഗിച്ച് മികച്ച കെട്ടിടങ്ങളാണ് പൊതുവിദ്യാലയങ്ങളിലുള്ളത്. കൂടാതെ നല്ല ഭൗതിക സാഹചര്യങ്ങളും സൗജന്യ പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും എല്ലാം നൽകിയിട്ടും കുട്ടികൾ സർക്കാർ സ്കൂളുകളിലേക്ക് അടുക്കുന്നില്ല. സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം തികച്ചും സൗജന്യമായിട്ടും ഫീസ് കൊടുത്തു പഠിക്കുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളോടാണ് സമൂഹത്തിൻറെ താല്പര്യം എന്ന് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ അക്കാദമിക നിലവാരത്തിന്റെ തകർച്ച മൂലം എഴുത്തും വായനയും അറിയാത്ത കുട്ടികൾപോലും എസ്എസ്എൽസി പാസാകുന്നു എന്ന പരാതി നിലനിൽക്കുന്നത് കൊണ്ടാവാം രക്ഷിതാക്കൾ സർക്കാർ വിദ്യാലയങ്ങളോട് മുഖം തിരിയാൻ കാരണമെന്നും കരുതുന്നു.