'വിവരാവകാശി' ഉണ്ണികൃഷ്ണൻ കൊളത്തൂരിന് 'ഉറക്കമില്ല' ',നിയമ പോരാട്ടത്തിന്റെ നാൾ വഴികളിൽ  രണ്ട് പതിന്റാണ
'വിവരാവകാശി' ഉണ്ണികൃഷ്ണൻ കൊളത്തൂരിന് 'ഉറക്കമില്ല' ',നിയമ പോരാട്ടത്തിന്റെ നാൾ വഴികളിൽ രണ്ട് പതിന്റാണ്ട് !
Atholi News14 Jul5 min

'വിവരാവകാശി' ഉണ്ണികൃഷ്ണൻ കൊളത്തൂരിന് 'ഉറക്കമില്ല' ',നിയമ പോരാട്ടത്തിന്റെ നാൾ വഴികളിൽ രണ്ട് പതിന്റാണ്ട് !




സൺഡേ വിൻഡോ


തയ്യാറാക്കിയത്

സുനിൽ കൊളക്കാട്




അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി മുന്നോട്ടുപോകുമ്പോൾ ഈയിടെ വിജിലൻസ് എസ് പി ഉണ്ണികൃഷ്ണനോട് ചോദിച്ചു. ഇത്തരം പരാതികൾകൊണ്ട് ഉണ്ണികൃഷ്ണന് എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടാവുക?

സർ എൻറെ ബാങ്ക് അക്കൗണ്ടിൽ ഇപ്പോൾ 6000 രൂപ ഉണ്ട്

അതും പ്രധാനമന്ത്രി തന്ന തുകയാണ്. എന്റെ മരണാനന്തരക്രിയകൾക്ക് ചെലവഴിക്കാൻ വേണ്ടി മാറ്റി വെച്ചതാണ്. ഇതാണ് എന്റെ ആകെയുള്ള സമ്പാദ്യം. ഒരു ബാർബർ തൊഴിലാളിയായ ഉണ്ണികൃഷ്ണൻ കൊളത്തൂർ,

നീതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് സഹായിയാണ്. വിവിധ തസ്തികകളിലെ റാങ്ക് ഹോൾഡേഴ്സ് ഉണ്ണികൃഷ്ണന്റെ സഹായത്തോട് കൂടിയാണ് അവരുടെ പരാതികൾ മുന്നോട്ടു കൊണ്ടു പോകുന്നത്. ഇവർക്കൊക്കെ വേണ്ടി നിയമ യുദ്ധത്തിന് വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച ഒട്ടേറെ രേഖകൾ ഉപകരിച്ചിട്ടുണ്ട്. സ്വന്തം നാട്ടിൽ മാത്രമല്ല കേരളത്തിൽ അങ്ങോളമിങ്ങോളം നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടി താങ്ങായും തണലായും വിവരാവകാശ പോരാട്ടുമായി ഉണ്ണികൃഷ്ണൻ രംഗത്തുണ്ട്.

2005 ൽ വിവരാകാശ നിയമം പ്രാബല്യത്തിൽ വന്ന അന്നുമുതൽ കഴിഞ്ഞ 19 വർഷമായി ഈ രംഗത്ത് ഉണ്ണികൃഷ്ണൻ സജീവമാണ്.അതുകൊണ്ടുതന്നെ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കളും ഉണ്ണികൃഷ്ണനുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായിട്ടാണ് അവരുടെ വാഹനങ്ങളിൽ ചുവന്ന ബീക്കൺ ലൈറ്റും നെയിം ബോർഡു ഉപയോഗിക്കുന്നതെന്ന ഉണ്ണികൃഷ്ണൻ തുടങ്ങിവച്ച പരാതി ഇപ്പോൾ ഹൈക്കോടതി വരെയെത്തിയിരിക്കുകയാണ്. ഫാർമസി കോളജിലെ കാലാവധി കഴിയാത്ത റാങ്ക് ലിസ്റ്റ് അസാധുവാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പോരാട്ടത്തിന് കളമൊരുക്കിയതും ഉണ്ണികൃഷ്ണൻ ആയിരുന്നു. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിൽ നിയമവിരുദ്ധമായി ഹാജർ ബുക്ക് തിരുത്തിയെന്ന ഒരു ഡോക്ടർക്കെതിരെയുള്ള പരാതിയിൽ അയാളുടെ ഇൻക്രിമെന്റ് തടഞ്ഞ തടക്കമുള്ള സർക്കാർ ഉത്തരവിനു പിന്നിലും ഉണ്ണികൃഷ്ണന്റെ പോരാട്ടമായിരുന്നു. ഈ ഡോക്ടർ ഇപ്പോൾ വിജിലൻസ് അന്വേഷണം കൂടി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൃഷിവകുപ്പിൽ പാർട്ട് ടൈം ജീവനക്കാരെ നിയമിച്ചതുമായിബന്ധപ്പെട്ട പരാതിക്കൊടുവിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷണം നടന്നുവരികയാണ്.

വിവരാവകാശ നിയമപ്രകാരമുള്ള ഏറ്റവും ഉയർന്ന അപ്പീൽ അതോറിറ്റിയായ സംസ്ഥാന കമ്മീഷനിൽ നിന്നും സമയബന്ധിതമായി ഒരു വിവരവും കിട്ടുന്നില്ലെന്നാണ് ഉണ്ണികൃഷ്ണന്റെ പരാതി.ഇവർക്കെതിരെ പരാതി ഹൈക്കോടതിയിലാണ് നൽകേണ്ടത്.ഇത് തന്നെപ്പോലൊരാൾക്ക് ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് അപ്രാപ്യമാണെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.

ബാർബർ തൊഴിലിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലെ മിച്ചം കൊണ്ടാണ് മറ്റുള്ളവരെ സഹായിക്കാനായി വിവരാവകാശ നിയമ പ്രകാരമുള്ള കത്തെഴുത്തും രേഖകൾ സംഘടിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ 25000 രൂപ ഉപയോഗിച്ചാണ് ബാർബർ ഷോപ്പ് നവീകരിച്ച് ഇന്നത്തെ നിലയിൽ ആക്കിയതെന്ന് ഉണ്ണികൃഷ്ണൻ ഓർക്കുന്നു. നന്മണ്ട പഞ്ചായത്തിലെ കൊളത്തൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ ലളിത ജീവിതത്തിന് ഉടമ കൂടിയാണ്. ഭാര്യയും രണ്ട് പെൺമക്കളുമാണുള്ളത്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. കാപ്പാട് സ്നേഹതീരത്തിൽ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. സ്വന്തം വീട്ടിൽ ഒരു പന്തൽ പോലും കെട്ടിയിരുന്നില്ല. അവിടുത്തെ അന്തേവാസികൾക്ക് മാത്രമാണ് കല്യാണസദ്യ നൽകിയത്. ഇളയവൾ ബി.എഡ് യോഗ്യത നേടി തൊഴിൽ കാത്തിരിക്കുകയാണ്.

കേന്ദ്ര റോഡ് ഫണ്ടിൽ നിന്നും 12 കോടി അനുവദിച്ച് നിർമ്മാണം നടത്തിവരുന്ന കൂമുള്ളി കൊളത്തൂർ ക്ഷേത്രം റോഡിൻറെ ഇരുഭാഗങ്ങളിലും അനാധികൃത കയ്യേറ്റങ്ങൾ ഉണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത് അത്തരം കയ്യേറ്റങ്ങൾ കണ്ടുപിടിക്കാനുള്ള പോരാട്ടത്തിലാണ് ഇപ്പോൾ ഉണ്ണികൃഷ്ണൻ.

Recent News