കോഴിക്കോട് മെഡിക്കൽ കോളേജിൽ   "കാലിലിടേണ്ട കമ്പി കയ്യിലിട്ടുവെന്ന് "  സംഭവിച്ചത് ഇതാണ്..
കോഴിക്കോട് മെഡിക്കൽ കോളേജിൽ "കാലിലിടേണ്ട കമ്പി കയ്യിലിട്ടുവെന്ന് " സംഭവിച്ചത് ഇതാണ്..
Atholi News20 May5 min

കോഴിക്കോട് മെഡിക്കൽ കോളേജിൽ 

"കാലിലിടേണ്ട കമ്പി കയ്യിലിട്ടുവെന്ന് "

സംഭവിച്ചത് ഇതാണ്.. 


മുരളി തുമ്മാരക്കുടി യുടെ പോസ്റ്റ്‌ മാധ്യമങ്ങൾക്ക് നേരെ 





കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം മുൻപ് നടന്നത് അംഗീകരിക്കാൻ പറ്റാത്ത പിഴവ് തന്നെയാണ്. 


പക്ഷേ അതിൻ്റെ ചുവട് പറ്റി ഇന്ന് മാധ്യമങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന കഥ വെറും ഗുണ്ടാണ്. 


അപകടത്തിൽ പരിക്കേറ്റു വന്ന ചെറുപ്പക്കാരന് കാലിലിടേണ്ട കമ്പി കയ്യിലിട്ടു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. കേൾക്കുമ്പോൾ തന്നെ ആർക്കും ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്ന കേസാണ്. പക്ഷേ ഒരു മിനിമം സത്യാന്വേഷണം പോലും ചെയ്യാതെ ഇവർ വാർത്ത കൊടുക്കുമ്പോൾ സത്യം പറയേണ്ട ചുമതല നമ്മുടേതാണല്ലോ.


അങ്ങനെ സത്യമന്വേഷിച്ച് ഒരു യാത്ര നടത്തി..


**********


ഒന്നാമത്തെ കാര്യം, ഓർത്തോപീഡിക് സർജറി എന്ന് പറയുന്നത് ആശാരിപ്പണി പോലെയാണ്. അളവും വളവും ഒത്തു വരുന്നത് വരെ ചിലപ്പോൾ കറക്ഷനുകൾ ചെയ്തു കൊണ്ടിരിക്കേണ്ടി വരും. എല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് മൾട്ടിപ്പിൾ സർജറികൾ സർവ്വസാധാരണമാകുന്നതിന്റെ കാരണവും അത് തന്നെ.


കോഴിക്കോട് സംഭവിച്ചതോ?


"കയ്യിലെ അസ്ഥികൾ പൊട്ടിയ അവസ്ഥയിൽ വന്ന രോഗിക്ക്, അസ്ഥികളെ ഉറപ്പിക്കാൻ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യകത പറഞ്ഞ് മനസ്സിലാകുകയും, പ്ലേറ്റും സ്‌ക്രുവും ഉപയോഗിച്ച് പൊട്ടിയ എല്ലുകളെ ഉറപ്പിക്കുകയും ചെയ്തു."

"അതിനോടൊപ്പം തന്നെ കൈക്കുഴയിലെ അസ്ഥികൾ തെന്നിപോകാതെ ഇരിക്കാൻ താത്കാലികമായ കമ്പി ഇട്ട് വക്കുകയും ( K wire fixation )ചെയ്തു."


"ശസ്ത്രക്രിയക്ക് ശേഷം ഏടുത്ത X Ray യിൽ, കൈക്കുഴ തെന്നിപ്പോകാതിരിക്കാൻ താത്കാലികമായി ഇട്ട് വെക്കുന്ന കമ്പിയുടെ കിടപ്പിൽ ജൂനിയർ ഡോക്ടർക്ക് സംശയം തോന്നുകയും, ചിലപ്പോൾ അത് മാറിയിടേണ്ട ആവശ്യകത വന്നെക്കാമെന്ന് ( K wire repositioning ) രോഗിയെ അറിയിക്കുകയും ചെയ്തു. എന്നാൽ മുതിർന്ന ഡോക്ടറുമായി സംസാരിച്ച ശേഷം അതിൻ്റെ ആവശ്യമില്ല എന്നു മനസ്സിലാക്കുകയും ചെയ്തു."


******


ഇത്ര മാത്രമാണ് സംഭവം. കഷ്ടിച്ച് രണ്ട് മില്ലിമീറ്റർ മാത്രമെങ്ങാനും ആംഗുലാർ ഡിസ്ലൊക്കേഷൻ വന്നതിനെ കറക്റ്റ് ചെയ്യണോ വേണ്ടയോ എന്നൊരു സംശയം ജൂനിയർ ഡോക്ടർക്ക് തോന്നി. പുള്ളി അത് രോഗിയോട് പങ്കുവെച്ചു, സീനിയർ ഡോക്ടറോടും കൂടെ ചോദിച്ചശേഷം വേണ്ടിവന്നാൽ കറക്ഷൻ ചെയ്യാം എന്ന് പറഞ്ഞു.. ഏതൊരു ഹോസ്പിറ്റലിൽ നടക്കുന്ന വളരെ സ്വാഭാവികമായ കാര്യം.


പക്ഷേ രോഗി അത് മനസ്സിലാക്കിയത് തെറ്റായാണ്. കമ്പി മാറിപ്പോയി, കൈക്കിടേണ്ട കമ്പിയല്ല ഇട്ടത് എന്നൊക്കെയാണ്.. അതും സ്വാഭാവികം തന്നെ. ഉടനടി ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ നൽകാൻ പറ്റുന്ന ബന്ധങ്ങളില്ലാത്ത മനുഷ്യനായിരിക്കാം. തനിക്ക് നേരിട്ട് ഇഞ്ചുറിയുടെ വേദനയും ഫ്രസ്റ്റേഷനും അദ്ദേഹത്തെ ബാധിച്ചതുമായിരിക്കും.


പക്ഷേ മാധ്യമങ്ങൾ അങ്ങനെയല്ലല്ലോ. എംബിബിഎസ് കഴിഞ്ഞ ഏതൊരു വ്യക്തിയോടും വിളിച്ചു ചോദിച്ചാൽ ഉടനടി മറുപടി കിട്ടുന്ന ഒരു സാധാരണ സംഭവം മാത്രമാണിത്. ഏതൊരു മാധ്യമപ്രവർത്തകനും അങ്ങനെയുള്ള നൂറ് ബന്ധങ്ങൾ ഉണ്ടാവുകയും ചെയ്യും. 


പക്ഷേ അവർ ചെയ്തതോ!


ഒരു ഫോൺ കോൾ പോലും ആർക്കും ചെയ്യാതെ, "കാലിലെ കമ്പി കയ്യിലിട്ടു" എന്നും പറഞ്ഞ് വാർത്ത കൊടുത്തു! ഓരോ 15 മിനിറ്റിലും അതിൻറെ ഫോളോ അപ്പ് വാർത്തകൾ വേറെയും!


ഒരു നല്ല കാര്യം ചെയ്യാൻ വിചാരിച്ചതിനാണ് ആ ജൂനിയർ ഡോക്ടറും മെഡിക്കൽ കോളേജും ഇപ്പോൾ തെറി കേട്ടുകൊണ്ടിരിക്കുന്നത്! ഇതൊരു പാഠമായി കണക്കിലെടുത്ത് നാളെ മുതൽ ഇത്തരം പെർഫെക്ഷൻ ആവശ്യമില്ല എന്ന് ഡോക്ടർമാർ തീരുമാനിച്ചാൽ, പ്രോട്ടോക്കോളുകളിൽ ഏറ്റവും സേഫായത് മാത്രം ചെയ്താൽ മതി എന്ന് സർക്കാർ ഡോക്ടർമാർ ഒന്നടങ്കം നിശ്ചയിച്ചാൽ, അത് ആത്യന്തികമായി ബാധിക്കാൻ പോകുന്നത് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരനെ ആയിരിക്കും.


ഇല്ലാക്കഥകൾ ആവേശത്തോടെ വിളമ്പി ആ ഗതികേടിലേക്ക് സാധാരണക്കാരനെ എത്തിച്ച മാധ്യമങ്ങൾ സീനിലേ ഉണ്ടാവില്ല!

Recent News