അമ്മയുടെയും ഗർഭസ്ഥശിശുവിൻ്റെയും മരണം :
വസ്തുതകൾ മനസ്സിലാക്കുക ',
ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാർ :
എം.എം.സി.
അത്തോളി :എം എം സി
ആശുപത്രിയിൽ ഈയിടെ ഗർഭസ്ഥ ശിശുവും അമ്മയും മരണപ്പെട്ട സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. അശ്വതിയുടെ കുടുംബത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്.
അപ്രതീക്ഷിതമായ ഈ സംഭവത്തിലും അശ്വതിയുടേയും കുഞ്ഞിൻ്റേയും വേർപാടിലും എം.എം.സി. കുടുംബാംഗങ്ങളുടെ അതിയായ ദുഖവും ഖേദവും രേഖപ്പെടുത്തു ന്നതോടൊപ്പം നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിനായി ഏതു തരത്തിലുള്ള അന്വേഷണ
ത്തിനോടും സഹകരിക്കാൻ തയ്യാറാണെന്ന് എം എം സി വാർത്ത കുറിപ്പിൽ അറിയിച്ചു.
ഇക്കഴിഞ്ഞ സെപ്‌തംബർ 7നാണ് മുപ്പത്തിയഞ്ച് വയസുള്ള അശ്വതി എന്ന ഗർഭിണിയെ രണ്ടാമത്തെ പ്രസവത്തിനായി മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ആദ്യത്തെ പ്രസവം സുഖപ്രസവം ആയിരുന്നു. ഈ ഗർഭത്തിൽ രക്തസമ്മർദ്ദം കൂടിയതുകൊണ്ട് 37 ആഴയിൽ മരുന്നുവെച്ചു പ്രസവിപ്പിക്കാൻ തീരുമാനമെടുക്കുകയും, സെപ്‌തംബർ 10 മുതൽ അതിനുള്ള ചികിത്സാമാർഗ്ഗങ്ങൾ സ്വീകരിക്കുകയും
ചെയ്യുകയായിരുന്നു.
സെപ്‌തംബർ 11 സന്ധ്യയോടെ പ്രസവവേദന തുടങ്ങുകയും പിന്നീട് സാധാരണ രീതിയിൽ തന്നെ പുരോഗമിക്കുകയും ചെയ്‌തു. അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യനില തൃപ്തികരമായി തുടർന്നു. വെളുപ്പിന് എകദേശം 3 മണിക്ക് പ്രസവം അടുത്തതായി കണ്ടു. സുഖപ്രസവം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും ലേബർ റൂമിൽ സജ്ജമാക്കി. പെട്ടെന്ന് കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കുറയുന്നതായി കണ്ടതുകൊണ്ട് സിസേറിയൻ ചെയ്യാനായി രോഗിയെ ഓപ്പറേഷൻ തിയ്യേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. സിസേറിയൻ ചെയ്യാനായി വയർ തുറന്നപ്പോൾ ഗർഭപാത്രത്തിൽ വിള്ളലുണ്ടായിരിക്കുന്നതായും മറുപിള്ള വിട്ടിരിക്കുന്നതായും കണ്ടു. കുഞ്ഞിനെ പുറത്തെടുത്ത് ഉള്ളിലുണ്ടായ രക്തസ്രാവം നിയന്ത്രിക്കാൻ സാധ്യമായ എല്ലാ ചികിത്സാ മാർഗ്ഗങ്ങളും സ്വീകരിച്ചു. ആവശ്യാനുസരണം രക്തം നൽകിക്കൊണ്ടിരുന്നെങ്കിലും രക്തം കട്ടപിടിക്കാത്ത അവസ്ഥ ഉണ്ടായി. രക്തം കട്ടപിടിക്കാത്ത സാഹചര്യത്തിനോടനുബന്ധിച്ച്‌വരാൻ സാധ്യതയുള്ള മൾട്ടി ഓർഗൻ ഫെയില്യറിനെ പ്രതിരോധിക്കാൻ എക്മോ എന്ന നൂതന ചികിത്സാരീതി ആവശ്യമായി വന്നു. അതുകൊണ്ട് തന്നെ ഈ സൗകര്യം ലഭ്യമായ ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. അശ്വതിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിശിഷ്ട സേവനത്തിനു ശേഷം വിരമിച്ച 3 പ്രൊഫസർമാർ ഉൾപ്പെടെ 5 പ്രഗത്ഭ പ്രൊഫസർമാർ ഉൾപ്പെടുന്ന ഞങ്ങളുടെ ഗൈനക്കോളജി വിഭാഗത്തിൽ ശരാശരി 120 പ്രസവങ്ങളും 300 ഓളം മേജർ സർജറികളും മാസത്തിൽ നടത്തി വരുന്നു.
ഗർഭകാലത്തോ പ്രസവസമയത്തോ അപൂർവ്വങ്ങളിൽ അപൂർവ്വമായി സംഭവിക്കാവുന്ന ഒരു മെഡിക്കൽ അവസ്ഥമൂലമാണ് അമ്മയും ഗർഭസ്ഥശിശുവും മരണപ്പെട്ടത്. ഇത്തരം അവസ്ഥ ഇരുപതിനായിരത്തിൽ ഒന്ന് എന്നതോതിൽ കണ്ടുവരുന്നതായി മെഡിക്കൽ ജേണലുകളിൽ നിന്നും മനസ്സിലാകാവുന്നതാണെന്ന് ഇതിനാൽ ബോധ്യപ്പെടുത്തുന്നതായി മലബാർ മെഡിക്കൽ കോളജ്
മെഡിക്കൽ അഡ്‌മിനിസ്ട്രേറ്റേഴ്‌സ് വാർത്ത കുറിപ്പിൽ അറിയിച്ചു.