യുദ്ധ സ്മരണകൾ അയവിറക്കി കണ്ണിപ്പൊയിൽ കൃഷ്ണക്കറുപ്പ് ',പാക് വെടിയുണ്ടയുമായി ജീവിക്കുന്നത് 53 വർഷങ്ങൾ !
തയ്യാറാക്കിയത് -സുനിൽ കൊളക്കാട്
തുരുതുരാ ഷെല്ലിങ് നടക്കുന്ന പാക്കിസ്ഥാൻ ബസന്താർ നദിക്കരയിലെ ഗോതമ്പു പാടത്ത് കമിഴ്ന്നു കിടക്കുന്ന കൃഷ്ണക്കുറുപ്പിൻ്റെ
ഇടതു ചെവിക്കടിയിലൂടെ ചൂടുള്ള നനവ് കഴുത്തിലൂടെ ഒഴുകിയിറങ്ങി. ഷെല്ലുകൾ പൊട്ടുന്ന തീ വെളിച്ചത്തിൽ കുറുപ്പു തിരിച്ചറിഞ്ഞു. തൻ്റെ തലക്കകത്തും ഷെല്ലുകൾ തുളച്ചു കയറിയെന്ന്. ചോര കുടുകുടാ ഒഴുകുകയാണെന്ന്.. 1971 ഇന്ത്യ പാക്ക് യുദ്ധത്തിന്റെ പതിമൂന്നാം ദിവസം
ഇടത് ചെവിക്കു താഴെ ഷെല്ലാക്രമണത്തിൽ തുളഞ്ഞ് കയറിയ ഷെല്ലുകളേറ്റ തീ തിന്നുന്ന വേദനയോടെ കൃഷ്ണക്കറുപ്പ് മണ്ണിൽ പതിഞ്ഞു കിടുന്നു. ഉടൻ നിർദ്ദേശം വന്നു ഗോബാക്ക് ! അത്തോളി കണ്ണിപ്പൊയിൽ നടുവിലയിൽ കൃഷ്ണക്കുറുപ്പ് ആണ് ആ യുദ്ധസ്മരണകൾ തൻറെ 74 -ാമത്തെ വയസ്സിലും അണുവിട തെറ്റാതെ ഓർത്തെടുക്കുന്നത്. കൃഷ്ണക്കുറുപ്പിന് അതൊരിക്കലും മറക്കാൻ കഴിയില്ല, കാരണം ആ ഓർമ്മയോടൊപ്പം പാകിസ്ഥാൻ ഷെല്ലുകളും തൻ്റെ ചെവിക്ക് താഴെ 53 വർഷമായി തലയ്ക്കകത്ത് ഇപ്പോഴും സുരക്ഷിതമായി കിടക്കുന്നുണ്ട്. 1971 ഡിസംബർ 4 നായിരുന്നു ഇന്ത്യ പാക്ക് യുദ്ധം ആരംഭിച്ചത്. തുടങ്ങിയ അന്നുമുതൽ തന്നെ പാക്കിസ്ഥാന്റെ ഭൂപ്രദേശങ്ങളിലേക്ക് ഇരച്ചു കയറിയ ഇന്ത്യൻ സൈന്യത്തിൽ കൃഷ്ണക്കുറുപ്പും ഉണ്ടായിരുന്നു. സിക്സ്റ്റീന്ത് മദ്രാസ് റെജിമെൻറ് ആർട്ടിലറി യൂണിറ്റ് അംഗമായിട്ടായിരുന്നു കുറിപ്പ് യുദ്ധമുന്നണിയിൽ എത്തിയത്. എസ് എൽ ആർ റൈഫിളും ബുള്ളറ്റ് മാഗസിനും ഡ്രൈഫുഡും വാട്ടർ ബോട്ടിലും അടങ്ങിയ ബാഗുമായിട്ടായിരുന്നു യാത്ര. 12 ദിവസങ്ങൾ കരിമ്പ് പാടവും പുഴകളും താണ്ടി പാക്ക് ഭൂമിയിലൂടെ മുന്നേറി. ഇടയ്ക്കൊക്കെ ഒറ്റുകാരെയും ചാരന്മാരെയും കണ്ടെത്തി തുരത്തി. മുന്നിലെ ബസന്താർ നദിക്ക് എംഇജി ഒരു മണിക്കൂർ കൊണ്ടായിരുന്നു താൽക്കാലിക പാലം പണിതത്. അതിലൂടെ ടാങ്കുകളും ട്രക്കുകളും സൈന്യവും മറുകരയിലെത്തി. പാക്ക് സൈന്യം ഉപേക്ഷിച്ച ബങ്കറുകളിൽ നിന്ന് ഡെറിയും വസ്ത്രങ്ങളും ശേഖരിച്ച് ട്രഞ്ചുകളിൽ ഡിസംബറിലെ തണുപ്പിനെ പ്രതിരോധിച്ചു. പതിമൂന്നാം ദിവസമായ
ഡിസംബർ 16 ന് വൈകിട്ട് 6.30 ഓടെ പിടിച്ചെടുത്ത പാക്ക് ട്രഞ്ചുകളിൽ ഓരോന്നിലും ഓരോ സൈനികരോടൊപ്പം അടുത്ത കമാന്റിന് കാത്തിരിക്കുകയായിരുന്നു കുറുപ്പും. പെട്ടെന്നാ സന്ദേശമെത്തി, ബാഹർ ജാവോ.. ട്രഞ്ചിൻ്റെ മൂടി മാറ്റി പുറത്തെത്തി. ഷെല്ലുകൾ വർഷിക്കുന്ന യുദ്ധഭൂമിയിലൂടെ മുന്നോട്ട് നീങ്ങി. പെട്ടെന്ന് കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടൊപ്പം വീണ്ടു നിർദ്ദേശം വന്നു. ലെഡ് ജാവോ.. നിലത്തു കിടക്കാൻ ശ്രമിക്കും മുമ്പെ ഷെല്ലുകൾ ശരീരം തുളച്ച് കയറിയിരുന്നു. പിന്നെ ചോരയിൽ കുളിച്ച് കുറച്ചു നേരം കിടന്നു. പരിക്കേൽക്കാത്തവർ തിരികെ നോക്കാതെ മുന്നോട്ട്.. മുന്നോട്ട്.. അല്പസമയത്തിനുശേഷം മെല്ലെ തലയുയർത്തി. രക്ഷിക്കാനോ സഹായിക്കാൻ ആരുമില്ല. ശൂന്യമായ യുദ്ധഭൂമിയിൽ നിന്ന് മെല്ലെ തിരികെ നടക്കാൻ തുടങ്ങി. നടന്നത് ടാങ്കുകൾ വന്ന വഴിയിലൂടെയായിരുന്നു. ഇത്തരം വഴികളിൽ മൈനുകളുടെ സാധ്യത കുറവായതുകൊണ്ട് ഏറെ സമയം എടുത്ത് രാത്രിയോടെ റജിമെൻ്റ് എയ്ഡ് പോസ്റ്റിലെ ക്യാമ്പിൽ കൃഷ്ണകുറുപ്പ് അവശനായി എത്തി. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അന്ന് രാത്രി തന്നെ ഇദ്ദേഹത്തെ സാമ്പയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസത്തെ അവിടുത്തെ ചികിത്സയ്ക്കുശേഷം ജലന്തറിലെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും അവിടെയും ഒരു മാസത്തോളം ചികിത്സ നടത്തുകയും ചെയ്തു. തലയ്ക്കകത്ത് തുളഞ്ഞു കയറിയ ഷെല്ല് കഷണങ്ങൾ ഓപ്പറേഷൻ നടത്തി പുറത്തെടുക്കാൻ ശ്രമിച്ചു. അത് പാടില്ലെന്ന് ഡോക്ടർമാരുടെ നിർദ്ദേശം അവ അത്രമാത്രം ശരീരത്തിൽ ചേർന്നു കിടക്കുന്നതിനാൽ അവ എടുത്തുമാറ്റുന്നത് അപകടകരമാണെന്ന് ഡോക്ടർമാർ. തുടർന്ന് ആ ദൗത്യം ഉപേക്ഷിച്ചു. പിന്നീട് 53 വർഷമായി ആ ഷെല്ലുകളുമായിട്ടാണ് കൃഷ്ണകുറുപ്പ് ജീവിച്ചു കൊണ്ടിരിക്കുന്നത്. ആശുപത്രിയിൽ വാസത്തിനുശേഷം വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ഇന്ത്യ പിടിച്ചെടുത്ത പാകിസ്ഥാന്റെ ഭാഗത്തുതന്നെ തുടർന്നും സർവീസ് അനുഷ്ഠിക്കുകയും ചെയ്തു. താനടക്കം പിടിച്ചെടുത്ത ഭൂമിയിൽ ഒരു വർഷത്തോളം ഇന്ത്യയ്ക്കുവേണ്ടി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിലും കൃഷ്ണക്കുറുപ്പ് കൃതാർത്ഥനാണ്.ചരിത്രമായി മാറിയ ഇന്ത്യാ പാക്ക് യുദ്ധത്തിൽ പങ്കെടുത്തുവെങ്കിലും അതിൻ്റെ പേരിൽ പ്രത്യേക അവാർഡോ, പ്രശംസയോ മറ്റാനുകൂല്യമോ ഒന്നും ലഭിക്കാത്തതിൽ കുറുപ്പിന് പരിഭവമില്ല. അതൊക്കെ ഒരു സൈനികൻ്റെ കർത്തവ്യമാണെന്നാണ് കുറുപ്പിൻ്റെ വിശ്വാസം. 1984 ഓഗസ്റ്റ് 31 ന് സേനയിൽ നിന്നും വിരമിച്ചു. പിന്നീട് നാട്ടിലെത്തി 86 ൽ ജനറൽ ഇൻഷുറൻസിൽ ജോലിക്കാരനായി. 2008ൽ വിരമിച്ചു. ശരീരത്തിനകത്തെ സെൽ കഷണങ്ങൾ കാരണം കാഴ്ച വളരെ കുറഞ്ഞ അവസ്ഥയിലാണിപ്പോൾ കൃഷ്ണക്കുറുപ്പ്. ചെവിയോട് ചേർന്ന് ഷെല്ലിന്റെ ലോഹ ഭാഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ എംആർഐ സ്കാനിങ് നടത്താനോ കാഴ്ചയ്ക്ക് ആവശ്യമായ ഓപ്പറേഷൻ നടത്താനോ പറ്റില്ലെന്നാണ് നേത്ര ഡോക്ടർമാരുടെയും പക്ഷം. കാഴ്ച കുറവാണെങ്കിലും ഒരായുസ്സ് മുഴുവൻ അതിർത്തിയിലും യുദ്ധ രംഗത്തും സ്വരാജ്യത്തിനു വേണ്ടി പോരാടിയ ഈ സൈനികൻ്റ ഉൾക്കാഴ്ചയ്ക്ക് ഇപ്പോഴും ഒരു മങ്ങലുമില്ല. കണ്ണിപ്പൊയിലിലെ വസതിയിൽ ഭാര്യ ശാന്തയ്ക്കും മകൻ നിധീഷിനുമൊപ്പം താമസിക്കുന്നു. മറ്റു രണ്ടു മക്കൾ വിദേശത്താണ്.