കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌കൂളിപ്പോൾ “ഹണിമൂഡി”ലാണ് ', തേനൂറും സ്കൂളിലെ അക്ഷയ് മാഷ് അത്തോളിക്കാരനും!!
തയ്യാറാക്കിയത്
സുനിൽ കൊളക്കാട്
“തേനീച്ച ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായാൽ, മനുഷ്യന് നാല് വർഷം മാത്രമേ ജീവിക്കാൻ കഴിയൂ” എന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനാണ്.
തേനീച്ചയില്ലാത്ത ലോകം എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പരാഗണം എന്ന നിർണായക ദൗത്യം നിർവഹിക്കുന്നത് തേനീച്ചകളാണ്. തേനീച്ചകളില്ലെങ്കിൽ അത് പരാഗണത്തെ ബാധിക്കും. അത് സസ്യങ്ങളുടെ പ്രത്യുൽപാദനത്തെയും നിലനിൽപ്പിനെയും മാത്രമല്ല ഭക്ഷ്യോൽപാദനത്തെയും ബാധിക്കും. പിന്നെ എങ്ങനെ ഭക്ഷണം ഉണ്ടാകും?
കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌കൂളിലെ പ്രൈമറി അധ്യാപകനായ എൻ.വി.അക്ഷയിനെ സ്‌കൂൾ വളപ്പിൽ തേനീച്ച വളർത്താൻ പ്രേരിപ്പിച്ച ചിന്തയാണിത്. സ്കൂളിലെ 500ലധികം വരുന്ന കുട്ടികളിപ്പോൾ “ഹണിമൂഡി”ലാണ്.
കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്‌കൂളിനെ തേനൂറും സ്കൂളാക്കി മാറ്റിയത് രണ്ടു വർഷം മുൻപ് ഇവിടെ അധ്യാപകനായെത്തിയ അത്തോളിക്കാരൻ എൻ.വി. അക്ഷയാണ്. അക്ഷയ് വെറുമൊരധ്യാപൻ മാത്രമല്ല ഗിന്നസ് അക്ഷയാണ്. ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന പേരിൽ 2014ൽ ഗിന്നസിൽ ഇടം നേടിയ മാണിക്യത്തിൻ്റെ ഉടമകൂടിയാണ് അക്ഷയ്. അച്ഛനായ എൻ.വി ബാലകൃഷ്ണനോടൊപ്പം കൃഷിയിലും പശുവളർത്തലിലും നാടൻ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിലും വിപണനത്തിലും അക്ഷയും ഒപ്പമുണ്ട്.
എല്ലാ ദിവസവും രാവിലെ ആദ്യത്തെ ബെൽ അടിക്കുന്നതിന് മുമ്പ്, സ്‌കൂളിലെ വിദ്യാർഥികൾ ഗ്ലാസ് ബോക്‌സിനുള്ളിൽ തേനീച്ചകളെ കാണാൻ പ്രധാന കവാടത്തിന് സമീപം എത്തും. ചെറു തേനീച്ചകളെ നിരീക്ഷിച്ചുകൊണ്ടാണ് അവരുടെ ആ ദിവസം ആരംഭിക്കുന്നത്. ഇതിനുശേഷം ഇടനാഴിയിലേക്കും സമീപത്തെ മരങ്ങളിലേക്കും ഓടി ബാക്കി തേനീച്ച കോളനികൾ പരിശോധിക്കുന്നു. കൂടിനെ ദോഷകരമായി ബാധിക്കുന്ന ഉറുമ്പുകളോ മറ്റ് ഭീഷണികളോ അവർ ശ്രദ്ധയിൽപ്പെട്ടാൽ, വിദ്യാർഥികൾ ഉടൻ തന്നെ അത് അവരുടെ അധ്യാപകനായ അക്ഷയിനെ അറിയിക്കുന്നു.
ആവാസവ്യവസ്ഥയിലെ തേനീച്ചകളും ജീവജാലങ്ങളുടെ അതിജീവനത്തിൽ അവ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നതും ഈ പ്രൈമറി സ്കൂൾ അദ്ധ്യാപകൻ്റെ മനസ്സിലെ ചിന്തകളാണ്. കഴിഞ്ഞ ദശകങ്ങളിൽ ആഗോളതലത്തിൽ തേനീച്ചകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അമിതമായ കീടനാശിനി ഉപയോഗം, കാലാവസ്ഥാ വ്യതിയാനം, അമിത ലാഭം പ്രതീക്ഷീക്കുന്ന കൃഷിരീതികൾ എന്നിവയാവാം കാരണം "ലോകത്തിലെ ഭക്ഷ്യോൽപ്പാദനത്തിൻ്റെ മൂന്നിലൊന്ന് ഈ ചെറുജീവികളുടെ പരാഗണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചെറുപ്പം മുതലേ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണെങ്കിൽ, അടുത്ത തവണ
തേനീച്ചകളുടെ കൂടോ കോളനിയോ കണ്ടാൽ അവർ അവയെ പേടിക്കുകയോ തുരത്തുകയോ, കൊല്ലുകയോ ഇല്ലെന്നാണ് അക്ഷയ് പയുന്നത്. ചെറുതേനീച്ചകൾ പാവങ്ങളാണ്. അവ ആരേയും ഉപദ്രവിക്കാറില്ല. ചെറുതേനീച്ച സാധാരണയായി മരങ്ങളിലും പാറകൾക്കിടയിലും വീട്ട് ചമരിലും മരപ്പൊത്തുകളിലും കാണപ്പെടുന്നു. പൈപ്പ് ഉപയോഗിച്ച് സുരക്ഷിതമായി പെട്ടികളിലേക്ക് മാറ്റിയാണ് ഇവയെ പിടികൂടുക. സ്കൂളിൽ വച്ച പെട്ടികൾ അടയ്ക്കാറില്ല. പക്ഷേ അവ മഴയിൽ നിന്ന് സംരക്ഷിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ തേനീച്ചകൾക്ക് എപ്പോൾ വേണമെങ്കിലും സ്വതന്ത്രമായി പറക്കാൻ കഴിയും.
സ്‌കൂൾ വളപ്പിൽ ഇത്തരത്തിൽ അഞ്ചോളം പെട്ടികളുണ്ട്, എല്ലാം മുളകൊണ്ട് നിർമ്മിച്ചതാണ്. ഒരു കോളനി നിറയുമ്പോൾ തേനീച്ചകളെ മറ്റ് പെട്ടികളിലേക്ക് മാറ്റുന്നതിൽ 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ സജീവ പങ്കാളികളാണ്. “ഈ പ്രവർത്തനങ്ങളിലൂടെ, തേനീച്ച വളർത്തൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുപോലെ പ്രധാനമാണ് എന്ന ആശയം ഞങ്ങൾ അവരെ പരിചയപ്പെടുത്തുന്നു."
അക്ഷയ് അഭിമാനത്തോടെ പറയുന്നു.
ഓരോ പെട്ടിയും വിളവെടുക്കുമ്പോൾ ഏകദേശം 300 മില്ലി തേൻ ലഭിക്കും. ഓരോ ആറുമാസത്തിലൊരിക്കലും തേൻ ശേഖരണം നടത്താൻ കഴിയുമെങ്കിലും സ്‌കൂളിൽ ഇതുവരെ തേൻ ശേഖരിച്ചിട്ടില്ല. "തേനീച്ച വളർത്തൽ ഉപജീവന മാർഗം കൂടിയാണ്. വിദ്യാർഥികൾക്ക് പ്രായോഗിക അറിവ് നൽകുന്നതിലൂടെ, അവർക്ക് അത് എളുപ്പത്തിൽ പഠിക്കാനും ജീവനോപാദിയാക്കി മാറ്റാനും കഴിയും അതിലുപരി ഭൂമിയിലെ ജീവൻ്റെ ആയുസ് വർധിപ്പിക്കാനും ഉപകരിക്കും” ഈ ചിന്ത കുട്ടികളിലൂടെ അവരുടെ വീടുകളിലേക്കെത്തിക്കാനും ഒട്ടേറെ വീടുകളിൽ തേനീച്ചക്കൂടുകൾ സ്ഥാപിക്കാനും കഴിഞ്ഞതായി അക്ഷയ് പറയുന്നു.