സൗഹൃദത്തിന്റെ കഥ : പി വി ജി യും കെ.പി.ഉമ്മറും
കോഴിക്കോട് :സിനിമാ നിർമാതാക്കളുടെ അന്തർദേശീയ സംഘടനയായ ഫിയാഫിന്റെ ഉപാധ്യക്ഷൻ എന്നതടക്കം സിനിമാ രംഗത്തെ സജീവ സാന്നിധ്യമായതിനാൽ
പി.വി. ഗംഗാധരൻ എന്ന പി.വി.ജിക്ക് പുതിയ തലമുറയിലെ മലയാള സിനിമാ താരങ്ങളോടെല്ലാം അടുത്ത ബന്ധമുണ്ട്. എന്നാൽ ഇത്തരം സ്ഥാനമാനങ്ങളെല്ലാം വരുന്നതിനു മുൻപ്, മലയാള സിനിമയിലെ കോഴിക്കോടിന്റെ ഒരു കാലത്തെ അഭിമാനമായ കെ.പി. ഉമ്മറുമായി അടുത്ത ബന്ധമായിരുന്നു പി.വി. ജി.ക്ക്.
ചാലപ്പുറം ഗണപത് സ്കൂളിലെ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച സതീർത്ഥ്യർ എന്നുള്ളത് കൂടി ഇതിന് അടിത്തറ
യായി മാറിയിരുന്നു. പി.വി.ചന്ദ്രൻ, ടി.ദാമോദരൻ എന്നിവരെല്ലാമായിരുന്നു മറ്റു സഹപാഠികൾ.
പിന്നീട് ഈ കൂട്ടായ്മ ഈ ഓർമ പുതുക്കാൻ , സ്കൂളിന്റെ നൂറാം വാർഷികത്തിൽ ഒന്നിച്ച് കൂടി ഒരു നാടകമൊക്കെ അവതരിപ്പിച്ചിരുന്നു.
സിനിമയിൽ സജീവമായതിനു ശേഷം, ഇടയ്ക്കിടക്ക് കല്യാണമടക്കമുള്ള വിശേഷങ്ങൾക്കായി കോഴിക്കോട്ടെത്തിയിരുന്ന കെ.പി. ഉമ്മർ എന്ന
താരത്തിന്റെ ആ സമയത്തെ വഴി കാട്ടിയായിരുന്നു പി.വി. ജി. ഉമ്മർ വരുന്നതിനു മുൻപേ , പി.വി.ജിക്ക് താൻ വരുന്നെന്ന സന്ദേശം കൈമാറും. അദ്ദേഹം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തുമ്പോഴേക്ക് , പി.വി.ജിയുടെ അംബാസിഡർ കാർ സ്റ്റേഷന് മുന്നിൽ റെഡിയായി നില്ക്കുന്നുണ്ടാകും. അപ്പോൾ തുടങ്ങുന്ന ഓട്ടം, പിന്നീട് അവസാനിക്കുക, കെ.പി.ഉമ്മർ വീണ്ടും മദ്രാസിലേക്ക് തിരിച്ചു പോകാനായി മെയിലിൽ കയറുമ്പോഴായിരിക്കും. ഇതേ പോലെ ഇടയ്ക്കിടക്ക് കേക്കും സമ്മാനങ്ങളുമായി പി.വി.ജിയും കെ.പി. ഉമ്മറിന്റെ സാലിഗ്രാമത്തിലെ വസതിയിലും മറ്റും എത്താറുണ്ടായിരുന്നു.
കോഴിക്കോട് ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി പി.വിജി മത്സരിച്ചപ്പോൾ , വോട്ട് പിടിത്തത്തിനായി മദ്രാസിൽ നിന്ന് പഴയ ഫുട്ബോൾ താരം കൂടിയായ കെ.വി. ഉമ്മർ കോഴിക്കോട്ടെത്തിയിരുന്നു.
അടുത്ത ബന്ധമാണെങ്കിലും പി.വിജിയുടെ ഉ ടമസ്ഥതയിലുള്ള ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സുജാത എന്ന ഒറ്റ സിനിമയിൽ മാത്രമാണ് പി.വിജിയോടൊപ്പം സിനിമാ രംഗത്ത് ഉമ്മർ സഹകരിച്ചത്. എന്നാൽ ഉമ്മറിന്റെ മകൻ റഷീദിന് നല്ലൊരു വേഷം ലഭിച്ച വടക്കൻ വീരഗാഥ നിർമിച്ചതും പി.വിജിയായിരുന്നു. വ്യക്തിപരമായും ഇരുവരുടെ കുടുംബങ്ങളും തമ്മിൽ നല്ല ബന്ധം തന്നെയായിരുന്നു.
തയ്യാറാക്കിയത്:
കെ.പി. ഉമ്മറിന്റെ സ്വന്തം കഥ പറയുന്ന ഓർമകളുടെ പുസ്തകത്തിന്റെ രചയിതാവും പത്രപ്രവർത്തകനായ എ.വി ഫർദിസ്.