അത്തോളിയിൽ കേരള ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ :
നീർനായകളെ നിയന്ത്രിക്കാൻ സാങ്കേതിക സഹായം വേണമെന്നാവശ്യം
അത്തോളി : മത്സ്യ കർഷകരുടെ പേടിസ്വപ്നമായ നീർനായകളെ നിയന്ത്രിക്കാൻ സാങ്കേതിക സഹായം ലഭ്യമാക്കണമെന്ന് കേരള ഫാർമേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലയിൽ 600 ലധികം മത്സ്യ കർഷകരുണ്ട്. കാലാവസ്ഥയും നീർനായ കളും നീർക്കാക്കകളുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. നീർനായ വന്യജീവി വിഭാഗത്തിലായതുകൊണ്ട് അവയെ കൊല്ലാൻ അനുമതിയില്ല. അതോടൊപ്പം മത്സ്യ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
അത്തോളി ഓറിയാന കൺവൻഷൻ സെൻ്ററിൽ നടന്ന
കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. ജീവൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ പി.വി സതീശൻ, അസി. രജിസ്ട്രാർ വിദ്യാധരൻ, എം.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. മികച്ച മത്സ്യ കർഷകർക്കുള്ള ജില്ലാ , ബ്ലോക്ക് അവാർഡുകൾ ലഭിച്ച അംബരീഷ്, വേണുഗോപാൽ, ജോഷി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.