തോരായി അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടലിനെ
ചൊല്ലി തർക്കം : പ്രോട്ടോക്കോൾ പാലിച്ചെന്ന് വാർഡ് മെമ്പർ ; രാഷ്ട്രീയ നാടകമെന്ന് ഭരണ സമിതി
ആവണി എ എസ്
Exclusive Report :
അത്തോളി :തോരായി അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടലിനെ
ചൊല്ലി തർക്കം. അഭിപ്രായ ഭിന്നതകൾക്കിടെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനവും നടത്തി.
പ്രോട്ടോക്കോൾ പാലിച്ചാണ് ഉദ്ഘാടനം നടത്തിയതെന്ന് 17 ആം വാർഡ് മെമ്പർ ശകുന്തളയും ഉദ്ഘാടനത്തിൻ്റെ മറവിൽ രാഷ്ട്രീയ നാടകമാണ് നടന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജനും നിലപാട് വ്യക്തമാക്കിയതോടെ
തോരായി അങ്കണവാടി പ്രവർത്തി ഉദ്ഘാടനം വിവാദത്തിലുമായി.
വർഷങ്ങളായി ഷീബാ നിവാസ് എന്ന വാടക വീട്ടിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും ശിശു വികസന വകുപ്പിൽ നിന്നും 2 ലക്ഷവുമാണ് വകയിരുത്തി പദ്ധതിക്കായി അനുവദിച്ചത്. നിർമ്മാണ പ്രവർത്തി തുടങ്ങുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഞ്ചായത്ത് മസ്റ്റർ റോൾ അനുവദിക്കുകയും ചെയ്തു. കോൺട്രാക്ടർ സുഗുണന് കരാർ ലഭിക്കുകയും ചെയ്തു. ബ്ലോക്കിൽ നിന്നും സി ഡി പി ഒ വാർഡ് മെമ്പർ ശകുന്തളയെ വിവരം അറിയിച്ചു. പിന്നാലെ തറക്കില്ലിടലിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
പഞ്ചായത്ത് പ്രസിഡണ്ട് നിർദ്ദേശിച്ച പ്രകാരം വാർഡ് തലത്തിൽ എല്ലാ രാഷ്ട്രീയ പ്രതിനിധികൾ ഉൾപ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ചു. പ്രഥമ യോഗത്തിൽ തന്നെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് വേണമെന്ന് തീരുമാനിച്ചു. സെക്രട്ടറി സ്ഥലം മാറി പോകും മുൻപ് സെപ്റ്റംബർ 18 ന് തന്നെ പ്രവർത്തി തുടങ്ങാൻ പ്ലാൻ ചെയ്തിരുന്നു , പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിനും കൂടി സൗകര്യമുള്ള ദിവസമായ 26 ന് ഉദ്ഘാടനം തീരുമാനിക്കുകയായിരുന്നുവെന്ന് വാർഡ് മെമ്പർ ശകുന്തള പറഞ്ഞു. ജനകീയ കമ്മിറ്റിയുടെ ചെയർമാനും വൈസ് ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കാൻ പോയെങ്കിലും ജനകീയ സമിതി എടുത്ത തീരുമാനവും ചില മാറ്റം വേണമെന്ന് പ്രസിഡണ്ട് നിർദേശിച്ചതിലും അഭിപ്രായ വ്യത്യാസം വന്നു, ഇതോടെ തർക്കം തുടങ്ങി. ചടങ്ങിൽ അധ്യക്ഷൻ വൈസ് പ്രസിഡണ്ട് എന്ന പ്രസിഡണ്ടിൻ്റെ നിർദേശം ജനകീയ കമ്മിറ്റി അംഗീകരിച്ചില്ല. ഒടുവിൽ ജനകീയ കമ്മിറ്റി യോഗം ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷ സ്ഥാനവും തീരുമാനിച്ചു.
ഈ തീരുമാന പ്രകാരമാണ് 26 ന് ഉദ്ഘാടനം പദ്ധതിയിട്ടും എന്നാൽ പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുക്കാൻ തയ്യാറായില്ലന്ന് അടുത്ത ഭരണ സമിതി യോഗത്തിൽ തീരുമാനമെടുത്ത് മാത്രമെ ഉദ്ഘാടനം നടക്കുള്ളൂവെന്നും വാർഡ് മെമ്പർ ശകുന്തള പറഞ്ഞു.
വാടക വീട് എത്രയും വേഗം ഒഴിയണമെന്ന് വീട്ടുകാരുടെ സമർദ്ദം ഒരു ഭാഗത്ത് . വേഗത്തിൽ പണിതീർക്കണമെന്ന ചിന്ത - ഇതാണ് സാഹചര്യമെന്നാണ് വാർഡ് മെമ്പർ പറയുന്നത്.
അതെസമയം പദ്ധതിക്കായി ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപ ഫണ്ട് അനുവദിക്കുകയും അടിയന്തരമായി പ്രവർത്തി തുടങ്ങാൻ ടെൻഡർ അടക്കമുള്ള നടപടി സ്വീകരിച്ച പദ്ധതിയുടെ ഉദ്ഘാടന ദിവസം തീരുമാനിക്കാൻ ഈ മാസം 30 ന് ചേരുന്ന ഭരണ സമിതി യോഗത്തിൽ അജണ്ടയായി വെച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു. അതിനിടയിൽ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ നാടകമാണ് പ്രവർത്തി ഉദ്ഘാടനമെന്ന് അവർ ആരോപിച്ചു.
17 ആം വാർഡ് മെമ്പറുടെയും അവർക്ക് കൂട്ട് നിന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയും രാഷ്ട്രീയക്കളി അപലപനീയമാണെന്ന് പ്രസിഡന്റ് നൽകിയ പത്രക്കുറിപ്പിൽ പറയുന്നു.
ഉദ്ഘാടനം പ്രോട്ടോക്കോൾ ലംഘിച്ചാണെന്ന് പഞ്ചായത്ത് ഡയറക്ട്രറ്റിന്
പരാതി നൽകുമെന്ന് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു.
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നടന്ന തറക്കല്ലിടൽ രാഷ്ട്രീയ നാടകമെന്ന് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയും ആരോപിച്ചു. 17 ആം വാർഡ് മെമ്പർ പഞ്ചായത്ത് കീഴ് വഴക്കം കാറ്റിൽ പറത്തി, കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച ഇടത് മുന്നണിക്ക് ഒരങ്കണവാടിയ്ക്ക് പോലും ഫണ്ട് നൽകാൻ കഴിയാത്തതിൻ്റെ ജാള്യതയാണ് ഈ നാടകത്തിന് പിന്നിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഭരണഘടന സ്ഥാപനമായ ഗ്രാമ പഞ്ചായത്തിനെ ദുർബലമാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുത പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയിലും പ്രതിഷേധിക്കുന്നതായി യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ രമേശ് ബാബു വയനാടൻ കണ്ടിയും കൺവീനർ ടി പി ഹമീദും പത്രക്കുറിപ്പിൽ അറിയിച്ചു.
പന്തലായനി
ബ്ലോക്ക്, തോരായി അങ്കണവാടിക്ക് അനുവദിച്ച ഫണ്ട് കേന്ദ്ര സർക്കാറിൻ്റെതായതിനാലും നാട്ടിലെ പൊതുപരിപാടി എന്ന നിലയിലുമാണ് ബി ജെ പി പ്രതിനിധിയായി പങ്കെടുത്തതെന്ന് കർഷക മോർച്ച ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ടി കെ കൃഷ്ണൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
തോരായി അങ്ങാടിയിൽ എ എം എൽ പി സ്കൂളിന് സമീപം മാണിക്കോത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള 3 സെൻ്റ് സൗജന്യമായി നൽകിയ ഭൂമിയിലാണ് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത് .
26 ന്
ബുധനാഴ്ച രാവിലെ
9.30 ന് തെരുവത്ത് പറമ്പിൽ നടന്ന പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു രാജ് നിർവ്വഹിച്ചു.
ഭൂമി സൗജന്യമായി നൽകിയ
മാണിക്കോത്ത് ഹംസ
തറക്കലിടൽ കർമ്മം
നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മoത്തിൽ , മുൻ വാർഡ് മെമ്പർ എൻ വി മുഹമ്മദ് , കർഷക മോർച്ച ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ടി കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജനകീയ കമ്മിറ്റി ചെയർമാൻ
കെ കെ ഗഫൂർ സ്വാഗതവും അങ്കണവാടി വർക്കർ ഇന്ദിര നന്ദിയും പറഞ്ഞു.