ഊരള്ളൂരിൽ നാലു വര്‍ഷം മുന്‍പും കൊലപാതകം.
കൊയിലാണ്ടി: ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.നാല് ദിവസം മുന്നേ കാണാതായ രാജീവൻ്റെ മൃതദേഹമാണിത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നത്.നാല് വര്‍ഷം മുൻപ് ഈ പ്രദേശത്തുണ്ടായ കൊലപാതകത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരാകുന്നതിനു മുന്നേയാണ് അടുത്ത കൊലപാതകം നടന്നത്.
ഊരള്ളൂര്‍ സ്വദേശി 70 വയസുകാരിയായ ആയിശയായിരുന്നു അന്ന് കൊല്ലപ്പെട്ടത്. കൊല നടത്തിയ പ്രദേശവാസിയായ 17കാരനെയും മൃതദേഹം മാറ്റാന്‍ സാഹായിച്ച പിതാവിനെയും അന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു അന്ന് പ്രതി മൊഴി നല്‍കിയത്.
അതിനിടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. രാജീവന്‍റേത് കൊലപാതകമാണെന്നാണ് നിഗമനമെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാജീവന്‍റെ ചില സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചിലയാളുകള്‍ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് വയലില്‍ നിന്നും അരയ്ക്ക് മുകളിലേക്കുള്ള മറ്റു ശരീര ഭാഗങ്ങളും കണ്ടെത്തിയത്. അരയ്ക്ക് മുകളിലുള്ള ഭാഗവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. വൈപ്പിന്‍ സ്വദേശി രാജീവന്റേതാണ് മൃതദേഹം. ഇയാളുടെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ രാജീവന്‍ കഴിഞ്ഞ 30 വര്‍ഷമായി അരിക്കുളത്ത് കുടുംബസമേതം താമസിച്ചുവരികയാണ്.