അത്തോളി - ഉള്ളിയേരി സംസ്ഥാനപാതയിലെ വെള്ളക്കെട്ട് ; നാട്ടുകാർ ഇറങ്ങി വെള്ളവും ഇറങ്ങി !
സ്വന്തം ലേഖകൻ
അത്തോളി:കാൽനടക്കാർക്കും വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയ
കുന്നത്തറക്കും ആലിൻ ചുവടിനും ഇടയിലുള്ള സംസ്ഥാനപാതയിലെ വെള്ളക്കെട്ട് നാട്ടുകാരുടെ ശ്രമഫലമായി പരിഹരിച്ചു.
വെള്ളം കെട്ടി നിന്ന് റോഡിൽ അഗാധമായ ഗർത്തംവരെ രൂപപ്പെട്ടിരുന്നത് വാർത്തയായിട്ടും പി.ഡബ്ലിയു ഡിയോ ഉള്ളിയേരി ഗ്രാമപഞ്ചായത്തോ പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യത്തിൽ കുറേ ദിവസമായി നാട്ടുകാരും യാത്രക്കാരും പരാതിപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ടവർ തിരിഞ്ഞു നോക്കാതിരുന്നപ്പോഴാണ് നാട്ടുകാർ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമം ആരംഭിച്ചത്. ജലജീവൻ്റെ ജെ സി ബിയും ഇക്കാര്യത്തിനായി അധികൃതർ വിട്ടുകൊടുത്തു. പ്രദേശത്തെ പൊതു പ്രവർത്തകരായ മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽകുമാർ കാവിടക്കൽ, യൂത്ത് കോൺഗ്രസ് ഉള്ളേരി മണ്ഡലം വൈസ് പ്രസിഡണ്ട് അക്ഷയ് കുന്നത്തറ, സന്തോഷ് കുന്നത്തറ, ജഗദീശൻ കാവിടുക്കൽ, ധനേഷ് കുന്നോത്ത്, പ്രതാപൻ ചാത്രകുന്നത്ത്, സജിൻ നാഥ് ചിറ്റൂർ, അഖിൽ കോളൂർ, രനീശ് കിഴക്കയിൽ, ശ്രീഗീഷ് വീറാട്ടിൽ , അനൂപ് കൊയിലോത്ത്, ശിവൻ കോളൂർ, ശംഭു ചെങ്കനിമൽ, ശ്രീധരൻ കിഴക്കയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം. ഇന്നലെ അർദ്ധരാത്രിവരെ നീണ്ടു നിന്ന പ്രവർത്തനം കൊണ്ട് വെള്ളക്കെട്ടിന് താൽക്കാലികമായി പരിഹാരം കണ്ടെത്താൻ കഴിഞ്ഞു.