സ്കൂൾ തുറക്കാറായി;
കൂമുള്ളി - കൊളത്തൂർ റോഡ് ഇനിയും തുറന്നില്ല
സ്വന്തം ലേഖകൻ
അത്തോളി: കൂമുള്ളി - കൊളത്തൂർ റോഡിലെപാലങ്ങൾ തുറക്കാത്തതിനാൽ കൊളത്തൂരിലേക്കും കൊളത്തൂർ ഹൈസ്കൂളിലേക്കുമുള്ള യാത്ര ദുരിതമാകും. അടുത്ത തിങ്കളാഴ്ചയാണ് സ്കൂൾ തുറക്കുന്നത്. കൂമുള്ളിയിൽ നിന്നും ചീക്കിലോട് നിന്നുമുള്ള ബസ്സുകളെ മാത്രം ആശ്രയിച്ചാണ് ഇവിടെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്. ഭഗവതി ചാൽ ക്ഷേത്രത്തിനു സമീപത്തെ ഓവു പാലത്തിൻ്റെ പണിക്കായി റോഡ് അടച്ചതിനാൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും ഓടാൻ കഴിയുന്നില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായിട്ടാണ് ഓവുപാലങ്ങളും ഓവുചാലുകളും മാറ്റി നിർമിക്കുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നാണ് കൊളത്തൂർ റോഡ്നവീകരണത്തിനുള്ള ഫണ്ട് ലഭിച്ചത്. കോൺക്രീറ്റ് കഴിഞ്ഞിട്ടും പാലങ്ങൾ തുറക്കാത്തതിനാലാണ് ഈ റൂട്ടിലെ ഗതാഗതം ഒരു മാസമായി നിലച്ചിരിക്കുന്നത്. കൂമുള്ളി മുതൽ കൊളത്തൂർ വരെ 6 ഓവു പാലങ്ങളാണ് നിർമ്മിക്കുന്നത്. മിക്കവാറും എല്ലാ പാലത്തിന്റെയും കോൺക്രീറ്റ് ജോലികൾ രണ്ടാഴ്ചമുമ്പ് പൂർത്തീകരിച്ചതാണ് എന്നിട്ട് പോലും യാത്രാ സൗകത്തിനുവേണ്ടി ഈറോഡ് താൽക്കാലികമായി പോലും തുറന്നു കൊടുക്കുന്നില്ല. അതിനാൽ നാട്ടുകാർ ദുരിതത്തിലാണ് കോതങ്കലിൽ നിന്നും കുറവാളൂർ വഴിയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. ആറ് ബസുകളോടിയിരുന്ന റൂട്ടിൽ എല്ലാ ബസ്സുകളും കൂമുള്ളിയിലും ചീക്കിലോട്ടു നിന്നും തിരിച്ചു പോവുകയാണ്.
റോഡ് പുനർ നിർമാണത്തിൻ്റെ ഭാഗമായി 6 ഓവുപാലങ്ങൾ മാറ്റിപ്പണിയുന്നുണ്ടെ ങ്കിലും കൊളത്തൂർ വയലിലെ വളരെ പ്രധാനപ്പെട്ട കല്ലറത്താഴെ ഓവുപാലം ഈ നിർമാണ ഘട്ടത്തിൽ പുതുക്കി പണിയുന്നില്ല. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. അതോടൊപ്പം കെ.വി. എൽപി സ്കൂളിന് മുമ്പിലും കൊളത്തൂർ ഹൈസ്കൂളിന് സമീപവും ആവശ്യത്തിനുള്ള ഓവുചാൽ നിർമിക്കുന്നില്ലെന്നും പരാതിയുണ്ട്.