കടുവഭീതി : കൂമുള്ളിയിലും കൊടശ്ശേരിയിലും
രാത്രി വൈകിയും തിരച്ചിൽ ;
വാട്സ് പ്രചാരണം വ്യാജമെന്നും
ആശങ്ക വേണ്ടന്നും ഫോറസ്റ്റും പോലീസും !
എ എസ് ആവണി
Exclusive
അത്തോളി : കൂമുള്ളിയിൽ പുത്തഞ്ചേരി റോഡിലെ വീടിന് മുൻപിൽ കടുവ എത്തിയെന്ന സംശയത്തിൻ്റെ
പശ്ചാത്തലത്തിൽ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പ്രദേശത്ത് രാത്രി വൈകിയും തിരച്ചിൽ തുടർന്നു. ക്യാമറ ട്രാപ്പിൽ ഇത് വരെ ഒന്നും കണ്ടെത്തിയില്ല . ചൊവ്വാഴ്ച രാത്രി 9. 30 ഓടെയാണ് തിരച്ചിൽ വീണ്ടും ആരംഭിച്ചത്.
അതിനിടെ 10 . 30 ഓടെ വാട്സ് ആപ്പ് വഴി കൊടശ്ശേരി ഭാഗത്ത് കടുവ ഉണ്ടെന്ന് പ്രചരിക്കുന്നതായി ഫോറസ്റ്റിൻ്റെ ശ്രദ്ധയിലും എത്തിച്ചു . കടുവയെ കണ്ടെന്ന് പറയുന്ന ആളെ തേടി ഫോറസ്റ്റ് സംഘം കൊടശ്ശേരി വായോക്കിൽ ഭാഗത്ത് എത്തി . കപ്പടപ്പിൽ ജോമോൻ പോലീസിൽ ഫോൺ വിളിച്ച് കടുവയെ കണ്ടെന്ന് ധരിപ്പിച്ചിരുന്നു. കക്കയത്ത് നിന്നും കൂമുള്ളിയിൽ എത്തിയ വനപാലകർ പരിശോധന നടത്തുന്നതിനിടെയാണ് ജോമോന് സമീപം എത്തിയത്.
ജോമോൻ കടുവയെ കണ്ടെന്ന് പറഞ്ഞ സ്ഥലത്തെ സമീപങ്ങളിലെ വീടുകളിൽ നിന്നും
സി സി ടി വി ദൃശ്യം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
രാത്രി 12 . 30 വരെ വായോക്കിൽ ഇട വഴികളിലും സമീപത്തെ പറമ്പുകളിലും പരിശോധിച്ചു. വാട്സ് വഴിയുള്ള പ്രചാരണം വ്യാജമെന്ന് കണ്ടെത്തി.
ഈ സമയത്താണ്. കൊടശ്ശേരി നാരാക്കോട്ട മലയിൽ പഴഞ്ഞിയിൽ ഭാസ്കരൻ്റെ സ്ഥലത്ത് കടുവയുടെതെന്ന് തോന്നിപ്പിക്കുന്ന കാലടയാളം പതിഞ്ഞതായി വിവരം ലഭിച്ചത് .
ചെങ്കുത്തായ മലയുടെ മുകൾ ഭാഗത്തേയ്ക്ക് ഒരാൾക്ക് നടക്കാവുന്ന വഴികളിലൂടെ ഫോറസ്റ്റ് സംഘം എത്തി . സ്ഥലം പരിശോധിച്ചു, കാലടയാളം പശുവിന്റെതെന്നും ഉറപ്പിച്ചു. പരിസരങ്ങളിൽ വ്യാപക തിരച്ചിൽ നടത്തിയ വനപാലകർ രാത്രി 1 മണിയോടെ കൂമുള്ളിയിൽ തിരിച്ചെത്തി.
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ബഷീർ , എസ് അഭിനന്ദ് ,
കെ ജി ബ്രിജേഷ് , കെ പി
ലിബേഷ് ,എം കെ ദിനൂപ് കുമാർ എന്നിവർ നൈറ്റ് പെട്രോളിങിലുണ്ട്.
കടുവയെ കണ്ടെന്ന് പറയുന്ന ജോമോനിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ അത്തോളി എസ് ഐ - കെ പി ബിജു , സി പി ഒ -സി വി അഭിലാഷ്, ഹോം ഗാർഡൻ രാമകൃഷ്ണൻ എന്നിവർ എത്തിയിരുന്നു . വനപാലകർക്കൊപ്പം ഈ ഭാഗത്തെ തിരച്ചിലിൽ പോലീസും ചേർന്നിരുന്നു.