തോരായി പഴയ പള്ളി നേർച്ചക്ക് കൊടിയേറി
അത്തോളി: ചരിത്രപ്രസിദ്ധവും മതമൈത്രിയുടെ പ്രതീകവുമായ അത്തോളി തോരായി പഴയ പള്ളി നേർച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീൻ ഹൈതമി പള്ളി അങ്കണത്തിൽ കൊടി ഉയർത്തി. പ്രാർത്ഥനയും നിർവ്വഹിച്ചു. ഇതോടെ നേർച്ചയുടെ പരിപാടികൾക്ക് തുടക്കമായി. മഹല്ല് പ്രസിഡന്റ് മമ്മു ഷമ്മാസ്, സെക്രട്ടറി ജലീൽ പാടത്തിൽ, ട്രഷറർ യു.കെ മൊയ്തീൻ കുഞ്ഞി, നേർച്ചകമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ പുതുശ്ശേരി, സിക്രട്ടറി യു.കെ ഉസ്മാൻ,ട്രഷറർ യു.കെ യൂസുഫ്,വൈസ് പ്രസിഡന്റ് കോയ ഹാജി മേപ്പാടത്തിൽ, ജോ.സെക്രട്ടറി ഹാരിസ് പാടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. തോരായി ജുമ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന, തോരായി പള്ളി നേർച്ചക്ക് ആരംഭം കുറിക്കുകയും പള്ളി, മദ്രസ, സ്കൂൾ എന്നിവയ്ക്ക് തുടക്കമേകുകയും ചെയ്ത മൊയ്തീൻ കുട്ടി മുസ് ല്യാരുടെ ഖബറിടത്തിൽ ഖത്തീബ് ആബിദ് സഖാഫിയുടെ നേതൃത്വത്തിൽ നടന്ന സിയാറത്തിനും പ്രാർത്ഥനക്കും ശേഷം വരവ് നേർച്ച സ്ഥലമായ പഴയ പള്ളിയിൽ പ്രവേശിച്ചു. തുടർന്നാണ് കൊടിയേറ്റൽ കർമ്മം നടന്നത്.19, 20, 21തിയ്യതികളിലായി മത പ്രഭാഷണവും22, 23 തിയ്യതികളിൽ പ്രധാന ചടങ്ങുകളായ ദിക്റ് മഹാസമ്മേളനം,മൗലീദ് സദസ് എന്നിവ നടക്കും. 24 ന് അന്നദാനത്തോടെ നേർച്ച സമാപിക്കും.
ചിത്രം: അത്തോളി തോരായി പഴയ പള്ളി നേർച്ചക്ക് കാപ്പാട് ഖാസി പി.കെ നൂറുദ്ദീൻ ഹൈതമി കൊടി ഉയർത്തുന്നു