ഓട്ടോമാറ്റിക് വാതിൽ അടച്ചില്ല ;
ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്
റിപ്പോർട്ട് -
ആവണി എ എസ്
അത്തോളി:ഓട്ടോമാറ്റിക് വാതിൽ അടയ്ക്കാത്തതിനെ തുടർന്ന് പുറത്തേക്ക് തെറിച്ചു വീണ് ബസ് യാത്രക്കാരന് ഗുരുതര പരിക്ക്.
എരഞ്ഞിക്കൽ അമ്പലപ്പടി സ്വദേശി മുഹമ്മദ് ഗസ്നി (58) പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .
മൊടക്കലൂരിനു സമീപം കൂമുള്ളിയിൽ വെള്ളിയാഴ്ച രാവിലെ 9 ഓടെയായിരുന്നു അപകടം.
പേരാമ്പ്ര അത്തോളി - കോഴിക്കോട് റൂട്ടിൽ
സർവീസ് നടത്തുന്ന ദുൽ ദുൽ ബസ് (കെ എൽ 18 ആർ 2457)അപകടത്തിനിടയാക്കിയത്.
ബസിന്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് ഗസ്നി തുറന്നു കിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്ത ശേഷം ബസിൻ്റെ ഡോർ അടച്ചിരുന്നില്ലന്ന് സഹ യാത്രക്കാർ പറയുന്നു.
പരിക്കേറ്റ ഉടൻ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ഗസ്നിയെ പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും വാരിയെല്ലുകൾക്കും സാരമായി പരിക്കേറ്റ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ബന്ധുക്കൾ അത്തോളി പോലീസിൽ പരാതി നൽകി. തുടർന്ന് ബസ് ഡ്രൈവർ പേരാമ്പ്ര സ്വദേശി അബ്ദുൽ റഹീംനെതിരെ കേസെടുത്തതായി അത്തോളി എസ് ഐ ആർ രാജീവ് പറഞ്ഞു.കണ്ടക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ കേസന്വേഷണ പരിധിയിലാണെന്ന് അദ്ദേഹം അറിയിച്ചു.