എലത്തൂരിൽ ഓവുചാലിൽ ഡീസൽ ഒഴുകിയത് പരിഭ്രാന്തി പരത്തി : കുപ്പിയുമായി നാട്ടുകാർ; ആശങ്ക ഒഴിവാക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ കലക്ടർക്ക് നിർദേശം നൽകി
എലത്തൂർ :ഹിന്ദുസ്ഥാൻ പെട്രോളിയം ഗോഡൗണിൽ നിന്നും ഡിസൽ ദേശീയ പാതക്ക് സമീപത്തെ ഓവുചാലിൽ ഒഴുകിയത് ജനം പരിഭ്രാന്തരായി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഓവുചാലിലൂടെ ഡീസൽ ഒഴുകുന്ന വിവരം പ്രചരിച്ചതോടെ ആളുകൾ കുപ്പിയായി തടിച്ചു കൂടി. ചിലർ കുപ്പിയിൽ ഒഴിച്ച് കൊണ്ട് പോയി.
ഇന്ധന ചോർച്ചയെ സംബന്ധിച്ച് 'വിവരം അറിഞ്ഞ ഉടനെ സ്ഥലം എം എൽ എ കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ , അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. രാത്രി 10.30 ഓടെ ഇന്ധന ചോർച്ച നിന്നുവെന്ന് ഡെപ്യൂട്ടി കളക്ടർ അനിത കുമാരി അറിയിച്ചു . അതേ സമയം ഇപ്പോഴും ഓവുചാലിൽ ഇന്ധനം ഉണ്ടെന്നും അത് മാറ്റാൻ നിർദ്ദേശം നൽകിയതായും അവർ പറഞ്ഞു. ഓവർ ഫ്ലോ മോണിറ്ററിങ് സംവിധാനത്തിൽ പാളിച്ചകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് ഫാക്ടറീസ് ആൻ്റ് ബോയ്ലേർസ് റീജിയണൽ ഡയറക്ടർ എൻ ജെ മുനീർ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻ്റ് ബോയ്ലേർസ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവർ ചേർന്ന് നാളെ( വ്യാഴാഴ്ച )പരിശോധന നടക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മുൻപിൽ കമ്പിനി അധികൃതർ നാളെ (വ്യാഴാഴ്ച) ഹാജരാകാനും നിർദ്ദേശിച്ചിട്ടുണ്ട്.