ഷമീമിൻ്റെ ഷഹാന യാത്രയായി ;
വേദനയില്ലാത്ത ലോകത്തേക്ക്
അത്തോളി : "ഒരു വശത്ത് കഠിനമായ വേദനകൾ കൊണ്ട് അവളെ പരീക്ഷിച്ചപ്പോൾ മറുവശം പ്രണയ തീവ്രമായി ചേർത്ത് പിടിക്കാനൊരു പാതിയെ പടച്ചവൻ അവൾക്ക് നൽകിയിരുന്നു " കൂമുള്ളി സ്വദേശി ഷമീമിൻ്റെ ഭാര്യ ഷഹാനയെ ചൊവ്വാഴ്ച രാത്രി 11.45 ന് ക്യാൻസർ രോഗത്താൽ മരണം സംഭവിച്ചപ്പോൾ ഷമീമിൻ്റ സുഹൃത്ത് സ്വാലിഹ് അരിക്കുളം എഴുതിയ എഫ് ബി പോസ്റ്റിൻ്റെ തുടക്കം ഇങ്ങിനെയായിരുന്നു.
ഷമീമിന് പ്രിയപ്പെട്ടവൾ കൂടെ ഉണ്ടെന്ന് തോന്നലിൽ നാഥൻ സഹനം നൽകുമെന്ന് ആശ്വാസവാക്കോടെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.
വിവാഹം കഴിഞ്ഞ് 4 വർഷം പ്രവാസവും നാടുമായി കഴിഞ്ഞു . 2021 ഡിസംബറിലാണ് ഷഹാനക്ക് ക്യാൻസർ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരീര വേദനയായിരുന്നു തുടക്കം. അത്തോളി സഹകരണ ആശുപത്രിയിൽ നിന്നും അന്ന് ചികിത്സിച്ച ഡോ സന്ദീപ് നായർ ആ സത്യം വെളിപ്പെടുത്തി.
ഇനി വിദഗ്‌ദ ചികിത്സ വേണം, പേരാടി രോഗത്തെ മറി കടക്കാമെന്ന് ചുറ്റിലും ആശ്വാസവാക്കുകൾ. മനസ് തളരാതെ ഇരുവരും.
ആദ്യം മൈത്രയിൽ തുടർന്ന് തലശ്ശേരി മലബാർ ക്യാൻസർ സെൻ്ററിലും ചികിത്സ തുടങ്ങി. 6 മാസം കൊണ്ട് 35 കീമോ ചെയ്തു. മരണം മാറി നിന്നു. രോഗം ഭേദമായി , ഭർത്താവിനൊപ്പം ഒമാനിലേക്ക് യാത്ര തിരിച്ചു. പ്രതീക്ഷകളെ അസ്ഥാനത്താക്കി , 2022 ൽ രോഗം മടങ്ങി വന്നു. വീണ്ടും നാട്ടിലേക്ക്. മിംസിലായിരുന്നു ഇത്തവണത്തെ ചികിത്സ.
മഞ്ജ മാറ്റി വെയ്ക്കണം ഡോക്ടർ നിർദ്ദേശിച്ചു.
ഒപ്പം കീമോയും തുടർന്നു. 3 വർഷം കൊണ്ട് 215 കീമോ ചെയ്തു. മിംമ്സിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു. ഇത്തവണ വില്ലനായത് ബ്രെയിൻ ട്യൂമർ. 8 മാസത്തെ ചികിത്സക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തി.
ക്യാൻസറിനെ പൊരുതി തോൽപ്പിച്ച് ഷഹാന ,ഇടക്ക് ചെറിയ ആശ്വാസം കിട്ടുമ്പോൾ
പുഞ്ചിരിയോടെ പ്രതീക്ഷകൾ പങ്കുവെച്ചു.
കാൻസർവില്ലൻ പിന്നാലെ വീണ്ടും പിടികൂടി , കഴിഞ്ഞ 2 മാസമായി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാലിയേറ്റീവ് കെയറിൽ ചികിത്സ. നടക്കുമ്പോൾ കുഴഞ്ഞ് വീഴുന്നു, പതിയെ കിടക്കയിൽ മാത്രമായി അഭയം .ഒടുവിൽ പ്രാണവേദനകൾ
ക്കിടയിൽ ഷാഹിന
പ്രാണനാഥനോടും ലോകത്തോടും
വിട പറഞ്ഞു,
ഷാഹിന അന്ത്യ യാത്രയായി. വേദനയില്ലാത്ത ലോകത്തേക്ക്....
കുനിയിൽ പള്ളിയിൽ കബറടക്കി.