
നിയന്ത്രണം വിട്ട കാർ റോഡരുകിലെ മറുഭാഗത്തെ ഇരുമ്പുവൈദ്യുതി കാലിൽ ഇടിച്ച് അപകടം ; അത്തോളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
അത്തോളി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അന്നശ്ശേരി കിഴക്കെചാലിൽ നിസാർ (43)ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചവരിൽ ഭാര്യക്ക് പരിക്കുണ്ട്.ഇവർ എം എം സി യിൽ ചികിത്സ തേടി.മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാവങ്ങാട് ഉള്ളിയേരി സംസ്ഥാപാതയിൽ അത്തോളി പഴയ വില്ലേജ് ഓഫീസിനും സമീപം ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഉള്ളിയേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. നിയന്ത്രണം വിട്ട കാർ റോഡരുകിലെ മറുഭാഗത്തെ ഇരുമ്പുവൈദ്യുതി കാലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണിന്റെ താഴെ ഭാഗം വളഞ്ഞു.അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.അത്തോളി പൊലീസ് സ്ഥലത്തെത്തിയിരുന്നു. നിസാറിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി 12.30 ഓടെ മരിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശ്പത്രിയിൽ എത്തിച്ച മൃതദേഹം ഇന്നലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചു മണിയോടെ പാവണ്ടൂർ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കി. പൊലീസ് കേസെടുത്തു. മൊയ്തീൻ കോയയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: ഷഹീദ അന്നശ്ശേരി. മക്കൾ: സാഹിർ ആസാദ്,അസ മറിയം.സഹോദരങ്ങൾ:നിഷാദ്,നിവാസ് (ഇരുവരും സൗദി),നിഷിത തോരായി