അത്തോളി കൂമുളളിയിൽ കടുവയുടെ സാന്നിധ്യം? ;
കക്കയം ഫോറസ്റ്റ് സംഘത്തിന്റെ തിരിച്ചിൽ തുടരുന്നു.
എ എസ് ആവണി
Breaking
അത്തോളി : പുലിഭീതിക്ക് പിന്നാലെ അത്തോളിയിൽ കടുവ എത്തിയെന്ന് സംശയം ബലപ്പെട്ടു. കൂമുള്ളി വായനശാല - പുത്തഞ്ചേരി റോഡിൽ തോട്ടത്തിൽ സെയ്തുവിൻ്റെ വീടിന്റെ ഗെയിറ്റിന് സമീപത്തായി കടുവയെ കണ്ടെന്നാണ് മുൻവശത്തെ തിയ്യക്കണ്ടി താഴെ സായ്സൂരജ് ( നന്ദു ) അത്തോളി പോലീസിനെ അറിയിച്ചത്. തിങ്കളാഴ്ച രാത്രി 11 .30 ഓടെ നന്ദു ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി മുൻവശത്തെ വാതിൽ അടക്കുമ്പോഴാണ് സെയ്തുവിൻറെ വീടിൻ്റെ ഗെയിറ്റിന് സമീപം കടുവയെ കണ്ടത്. ഉടനെ ഫോട്ടോ എടുത്ത് സെയ്തുവിന് അയച്ച് കൊടുത്തു. സെയ്തു അത്തോളി പോലീസിൽ അറിയിച്ചു. വിവരം അറിഞ്ഞ് ഇന്ന് പുലർച്ചെ 2.30 ഓടെ കക്കയം ഫോറസ്റ്റ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. 5 മണി വരെ സംഘം പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല .
നിലവിൽ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പതിഞ്ഞത് കോൺഗ്രീറ്റ്
തറയിലായതിനാൽ
ഫിംഗർ പ്രിൻ്റ് എടുക്കാൻ കഴിയുന്നില്ല . കൂടുതൽ പരിശോധന നടത്തണം - ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സി വിജിത്ത് അത്തോളി ന്യൂസിനോട് പറഞ്ഞു.
ഇന്ന് രാവിലെ 10 മണിയോടെ വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.
30 മീറ്റർ അകലെ നിന്നും എടുത്ത ഫോട്ടൊ - സൂ ചെയ്യുമ്പോൾ വലുപ്പത്തിൽ സംശയമുണ്ടെന്നാണ് ഫോറസ്റ്റ് ഉദ്യോസ്ഥർ പറഞ്ഞത് . എന്നാൽ വന്യ ജീവിയാണെന്ന് ഉറപ്പിക്കാമെന്ന് വാർഡ് മെമ്പർ ബൈജു കൂമുള്ളി പറഞ്ഞു
കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയിക്കുന്ന വീടിന്റെ സമീപത്തായി 5 സെൻ്റ് ഭൂമിയിൽ കരിങ്കാളികോട്ടയുണ്ട്. ഇതിനകത്തേയ്ക്ക് കടന്നോ എന്നതാണ് ഇന്ന് പരിശോധിക്കുക . പാലോറ മലയുടെ താഴ്‌വാരമാണിത്. പുത്തഞ്ചേരി പുഴയിലൂടെ ഒഴുകി വന്നതാകാമെന്നാണ് നിഗമനം .കഴിഞ്ഞ ദിവസം വേളൂരിൽ പുലിയെന്ന് സംശയിച്ച് തിരച്ചിൽ നടത്തിയെങ്കിലും കാട്ടു പുച്ച വർഗത്തിൽ പെട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വയനാട്ടിൽ നിന്നും മലവെള്ളപ്പാച്ചിലിൽ വന്യ ജീവികൾ ജനവാസ കേന്ദ്രങ്ങളിൽ എത്താൻ സാധ്യതയുണ്ടന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടികാട്ടുന്നത് . കാടു പിടിച്ച സ്ഥലങ്ങൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.