കൂമുള്ളി വാഹനപകടം :
ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
ആവണി എ എസ്
Exclusive Report :
അത്തോളി :കൂമുള്ളിയിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.
കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസ് (കെ എൽ 11 എപി 6399 ) ഡ്രൈവർ പേരാമ്പ്ര പന്തിരിക്കര സ്വദേശി ആഷിഖിനെതിരെയാണ് ബി എൻ എസ് , 2023 - 281, 106 (1 ) എന്നീ വകുപ്പ് ചേർത്ത് കേസ് എടുത്തത്.
രദീപിൻ്റെ സഹോദരൻ വി വി രാകേഷിന്റെ പരാതിയിലാണ് അത്തോളി പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച വൈകീട്ട് 3.50 ഓടെയാണ് കുമുള്ളി മിൽമ സൊസൈറ്റിക്ക് സമീപം കോഴിക്കോട് ഭാഗത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ് തട്ടി സ്കൂട്ടർ യാത്രികൻ മലപ്പുറം സ്വദേശി വി വി രദീപ് (35 ) ദാരുണമായി മരിച്ചത് . ബസ് തട്ടിയതിന് ശേഷം റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ രദീപിനെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്രദ്ധമായി വാഹനം ഓടിച്ച് മരണം സംഭവിച്ചതിനും മനപൂർവമല്ലാത്ത നരഹത്യക്കും ജാമ്യം ലഭിക്കാവുന്ന കേസാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡ്രൈവർക്കെതിരെ കേസ് എടുക്കാത്തതിൽ സമുഹ മാധ്യമങ്ങളിലൂടെ ചർച്ചയായിരുന്നു.
കോഴിക്കോട് - കുറ്റ്യാടി റൂട്ടിലെ ലിമിറ്റഡ് ബസ് സർവീസ് സമയക്രമം പാലിക്കുന്നതിനിടെ ഡ്രൈവർമാർ പരസ്പരം ഏറ്റുമുട്ടൽ ഉണ്ടാക്കുന്നുണ്ട്. ഈ മത്സരോട്ടവും അമിത വേഗതയും അപകടവും മരണം വരെ സംഭവിക്കുന്നതായി വിലയിരുത്തുന്നു. സ്പീഡ് ഗവർണർ ക്യാമ്പയിനിലെ അപാകതകളും ചൂണ്ടികാണിക്കപ്പെടുന്നു.
കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ ലിമിറ്റഡ് ബസുകളുടെ അമിത വേഗതയിൽ പ്രതിഷേധിച്ച് കുമുള്ളി ,മൊടക്കല്ലൂർ ,കുന്നത്തറ പ്രദേശവാസികൾ കൂട്ടായ്മ സംഘടിപ്പിച്ച് മുന്നോട്ട് വരണമെന്നാവശ്യം സമൂഹ മാധ്യമങ്ങളിലൂടെ ശക്തമാകുന്നു . വൈകാതെ എം എൽ എ . ആർ ടി ഒ , എം പി എന്നിവർക്ക് പ്രശ്ന പരിഹാരം സംബന്ധിച്ച് നിവേദനം നൽകുമെന്ന് പ്രദേശവാസികൾ അത്തോളി ന്യൂസ് നോട് പറഞ്ഞു.
കോഴിക്കോട് - കുറ്റാടി റൂട്ടിലെ ലിമിറ്റഡ് ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് ബസ് പാസഞ്ചേർസ് അസോസിയേഷൻ സംസ്ഥാന മനുഷ്യ വകാശ കമ്മിഷന് പരാതി നൽകിയാതായി സെക്രട്ടറി ഷമീർ നളന്ദ പറഞ്ഞു.അതിനിടെ അത്തോളി റൂട്ടിലെ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ് അത്തോളി മണ്ഡലം കമ്മിറ്റി പോലീസിൽ നിവേദനം നൽകിയാതായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് താരീഖ് അത്തോളി പറഞ്ഞു.