പുരാതന വസ്തുക്കളുടെ പ്രദർശനം
"പൈതൃകം " 13 മുതൽ 15 വരെ
കോഴിക്കോട് :ആർക്കിയോളജി ആന്റ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതന - പൈതൃക വസ്തുക്കളുടെ പ്രദർശനം "പൈതൃകം 2023 " ഈ മാസം13,14,15 തിയ്യതികളിൽ മാനാഞ്ചിറ ക്ക് സമീപം സി.എസ്.ഐ കത്തീഡ്രൽ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് പത്ര സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിനകത്തും പുറത്തും നിന്നുമായി അസോസിയേഷൻ അംഗങ്ങളുടെ ശേഖരത്തിൽ നിന്നുള്ള വസ്തുക്കളുടെ പ്രദർശനമാണിത്. മലബാറിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ആദ്യ പ്രദർശനമാണിതെന്ന് അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ് നടക്കാവ് പറഞ്ഞു.
മൺമറഞ്ഞുപോയ പൂർവ്വികർ ഉപയോഗിച്ചിരുന്നതും ഇന്ന് ഉപയോഗത്തിൽ ഇല്ലാത്തതുമായ മുളക്കരണങ്ങൾ, താളിയോലഗ്രന്ഥങ്ങൾ, താളിയോല റിക്കാർഡുകൾ, നാരായം, പുരാതന ചൈനീസ് അണികൾ, പിഞ്ഞാൺ പാത്രങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള വിളക്കുകൾ, പാത്രങ്ങൾ, ആഭരണങ്ങൾ, മാമോദീസ പാത്ര ങ്ങൾ, പഴയകാല ക്യാമറകൾ, ഗ്രാമഫോണുകൾ, ഉച്ചഭാഷിണികൾ നിലവിൽ വരു ഇതിനുമുമ്പ് നിസ്ക്കാര സമയം അറിയിക്കാൻ ഉപയോഗിച്ചിരുന്ന 50 വർഷം പഴക്കമുള്ള നഗാരം(തമ്പാർ), കോഴിക്കോട് ഖാസി ഉപയോഗിച്ചിരുന്ന പല്ലക്ക്. സാമൂതിരി എസ്റ്റേറ്റ് ഓഫീസിൽ ഉപയോഗിച്ചിരുന്ന എഴുത്താണി ഇങ്ങിനെ നൂറ് കണക്കിന് പുരാവസ്തുക്കൾ ഈ പ്രദർശനത്തിൽ കാണാം. ഗതകാലസ്മൃതികൾ ഉണർത്തുന്ന ഈ പ്രദർശനം ചരിത്ര സ്നേഹികൾക്കും, പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരു അസുലഭ അനുഭവമായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.
13-ന് രാവിലെ 10.30ന് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, വാർഡ് കൗൺസിലർ കെ മൊയ്തീൻ കോയ എന്നിവർ മുഖ്യാതിഥികളാകും
പത്ര സമ്മേളനത്തിൽ ആർക്കിയോളജി ആന്റ് ഹെറിറ്റേജ് അസോസിയേഷൻ
പ്രസിഡണ്ട് ലത്തീഫ് നടക്കാവ് , സെക്രട്ടറി പി കെ വികാസ് ,പ്രദർശന കമ്മറ്റി കൺവീനർ ഐ.സി.ആർ. പ്രസാദ്,
വില്യംസ്.എം.ഡി,
മുഹമ്മദ് റിയാസ്, പ്രേമൻ പുതിയാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.