അത്തോളി പഞ്ചായത്തിൽ 19 വാർഡുകൾ ',
2025 ലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി
സ്വന്തം ലേഖകൻ
അത്തോളി : 2025 നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വാർഡുകളുടെ എണ്ണം പുതുക്കികൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി. സപ്തംബർ 7 ന് ഇറങ്ങിയ അസാധാരണ ഗസറ്റ് വിജ്ഞാപനം അനുസരിച്ച് അത്തോളി ഗ്രാമപഞ്ചായത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ 19 വാർഡുകൾ ഉണ്ടാവും. നിലവിൽ 17 വാർഡുകളാണുള്ളത്. 19ൽ 10 വാർഡുകൾ വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. അതിൽ രണ്ട് പേർ പട്ടികജാതി വനിതകൾ ആയിരിക്കണം. ബാക്കിവരുന്ന 9 വാർഡുകളാണ് ജനറൽ സീറ്റ്. ഇതിലൊന്ന് പട്ടിക ജാതി പുരുഷനായിരിക്കണം. ഏതൊക്കെ വാർഡുകളാണ് സംവരണ വാർഡുകളെന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജില്ലാതലത്തിൽ തീരുമാനിക്കും. സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ ആയിരിക്കും തീരുമാനിക്കുക. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സർക്കാർ ജില്ലാതലത്തിൽ ഒരു ഡി- ലിമിറ്റേഷൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അതാത് പഞ്ചായത്ത് സെക്രട്ടറിമാർ തയ്യാറാക്കുന്ന പുതിയ വാർഡുകളുടെ അതിർത്തി നിർണയിച്ചുള്ള രൂപരേഖയുടെ കരട് പഞ്ചായത്ത് തലത്തിൽ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ഈ കരട് ലിസ്റ്റിനെ പറ്റി ആക്ഷേപാഭിപ്രായങ്ങൾ എഴുതി നൽകാവുന്നതാണ്. ലഭിച്ച ആക്ഷേപങ്ങൾ ജില്ലാതല കമ്മിറ്റിക്ക് കൈമാറും. ജില്ലാതല കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുത്ത് വാർഡിൻറെ അതിർത്തി നിർണയിച്ച് പ്രഖ്യാപിക്കുക. ഈ പ്രവർത്തനത്തിനുള്ള സമയക്രമം സർക്കാർ പ്രഖ്യാപിക്കും. ഉള്ളിയേരി പഞ്ചായത്തിൽ 21 വാർഡുകളും തലക്കുളത്തൂർ പഞ്ചായത്തിൽ 19 വാർഡുകളും ആണ് പുതുതായിട്ടുണ്ടാവുക. മറ്റ് സമീപ പഞ്ചായത്തുകളിലെ പുതുക്കിയ വാർഡുകളുടെ എണ്ണം : നടുവണ്ണൂർ (18), ചേമഞ്ചേരി(21), ചെങ്ങോട്ട് കാവ് (18), ബാലുശ്ശേരി (18), പനങ്ങാട് (21) , കോട്ടൂർ (20), പേരാമ്പ്ര (21) കായണ്ണ (14), നൊച്ചാട് (18) നന്മണ്ട (18), കാക്കൂർ (17) ചേളന്നൂർ (24).