അത്തോളിയിൽ എഫ് എച്ച് സിയിൽ
വൈകീട്ട് ഡോക്ടർ സേവനമില്ല :
പെരുമാറ്റച്ചട്ടം', താൽക്കാലിക നിയമനത്തിന്
ഇരട്ട നീതി
സ്വന്തം ലേഖകൻ
അത്തോളി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ താൽക്കാലിക നിയമനങ്ങൾക്ക് സർക്കാർ വകുപ്പിൽ രണ്ട് നീതിയെന്നാക്ഷേപം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് പെരുമാറ്റ ചട്ടം തടസ്സമാവുമ്പോൾ വിദ്യാഭ്യാസ വകുപ്പിൽ താൽക്കാലിക നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വളരെ അടിയന്തര പ്രാധാന്യമുള്ള ആരോഗ്യ രംഗത്ത് നിയമനത്തിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പും തദ്ദേശ ഭരണ വകുപ്പും തയ്യാറാവുന്നില്ല. പെരുമാറ്റ ചട്ടം പിൻവലിച്ചാലേ നിയമന നടപടിക്ക് അംഗീകാരം നൽകാവൂ എന്നാണ് ഈ വകുപ്പുകളിലെ ജില്ലാ മേധാവികൾ പറയുന്നത്. അതേസമയം വിദ്യാഭ്യാസ വകുപ്പിലെ താൽകാലിക അധ്യാപക നിയമനത്തിന് ജില്ലാ അധികൃതർ വാക്കാൽ അനുമതി നൽകിയിരിക്കുകയാണ്. നിയമന പ്രക്രിയ തുടരാമെന്നും നിയമനം ജൂൺ നാലിന് ശേഷമേ പാടുള്ളൂ എന്നുമാണ് വിദ്യാഭ്യാസ ഡെപൂട്ടി ഡയരക്ടർ നൽകിയ നിർദ്ദേശം. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ അടക്കമുള്ള ആശുപത്രിയിലെ നിയമനങ്ങൾ നടത്താൻ കഴിയാതെ ഗ്രാമ പഞ്ചായത്തുകൾ ബുദ്ധിമുട്ടുകയാണ്. അത്തോളി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർ ഇല്ലാത്തത് രോഗികൾ ബുദ്ധിമുട്ടിക്കുന്ന കാര്യം നൂസ് കേരള നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെയുണ്ടായിരുന്ന ഒരു ഡോക്ടർ കരാർ മതിയാക്കി ഉന്നത പഠനത്തിന് വേണ്ടി പോയതായിരുന്നു. പകരം വയ്ക്കാൻ അനുമതിയുമില്ല. ജില്ലയിലെ മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇത്തരത്തിൽ ഡോക്ടർമാരുടെ ഒഴിവ് ഉള്ളതായി അറിയുന്നു.