ബാർ ജീവനക്കാരന് വെട്ടേറ്റ സംഭവം ',
പ്രതി അത്തോളി സ്വദേശി പോലീസ് പിടിയിൽ
അത്തോളി :താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ വെച്ച് ജീവനക്കാരനായ താമരശ്ശേരി അമ്പലക്കുന്ന് വിജുവിനെ കത്തികൊണ്ട് കഴുത്തിന് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
വൈത്തിരിയിലെ റിസോട്ട് ജീവനക്കാരനായ അത്തോളി മൊടക്കല്ലൂർ താഴെക്കുനി പനോളി അൻവർ (48) ആണ് വൈത്തിരിയിൽ വെച്ച് വെള്ളിയാഴ്ച വൈകീട്ട് പിടിയിലായത്.
വൈത്തിരിയിലേക്ക് പോകുന്ന വഴി അൻവർ മദ്യപിക്കാൻ എത്തിയപ്പോൾ ബാറിൽ വെച്ച് സപ്ലെയറുമായി വാക്കേറ്റമുണ്ടാവുകയും, വിജു പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു തുടർന്ന് വിജുവിന് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു, ഇതിൻ്റെ വൈരാഗ്യത്തിലാണ് തൻ്റെ ബാഗിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് വിജുവിനെ ബാറിൻ്റെ വരാന്തയിൽ വെച്ച് അൻവർ വെട്ടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
താമരശ്ശേരി ഡി വൈ എസ് പി- എം പി വിനോദിൻ്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ കെ ഒ പ്രദീപും ക്രൈം സ്കോഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ വൈത്തിരിയിൽ വെച്ച് പിടികൂടിയത്.
ശനിയാഴ്ച പേരാമ്പ്ര കോടതിയിൽ ഹാജരാക്കും