നിത്യോപയോഗ സാധനങ്ങളുടെ വില വർധന:
ജില്ലയിൽ വിപണി പരിശോധന കർശനമാക്കുന്നു
കോഴിക്കോട്:നിത്യോപയോഗ സാധനങ്ങളുടെ വില വർധന കണക്കിലെടുത്ത് ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി വിപണി പരിശോധന കർശനമാക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് ജില്ലയിലെ മൊത്ത - ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തും.
വിലവിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പർച്ചേസ് ബില്ലോ ഇൻവോയ്സോ ഇല്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുക, സാധനങ്ങൾ വാങ്ങിയ വിലയിലും വില്പനവിലയിലും ക്രമാതീതമായ വ്യത്യാസം വരുത്തുക, അളവ് തൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാതിരിക്കുക, ഒരേ സാധനത്തിന് പല കടകളിൽ വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ജില്ലാ കലക്ടർ എ ഗീതയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പൊതുവിപണി പരിശോധനയ്ക്ക് നിർദേശം നൽകിയത്.