അത്തോളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന ; നടപടിക്രമങ്ങൾ നിയമാനുസൃതമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്
അത്തോളി : ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന. നാഷണൽ ഹൈവേക്കായി പഞ്ചായത്ത് ഭൂമിയിൽ നിന്നും മണ്ണ് എടുക്കുന്നതുമായി ബന്ധപ്പെട്ടും പഞ്ചായത്ത് ടെൻഡർ നടപടികൾ സംബന്ധിച്ചും ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധനക്ക് എത്തിയത്.
പരാതിയുമായി ബന്ധപ്പെട്ട രേഖകൾ സെക്ഷൻ ക്ലർക്കിൽ നിന്നും വിജിലൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് എത്തിയതെന്ന് വിജിലൻസ് സംഘം പറഞ്ഞു. അതേ സമയം പരാതിക്കിടയായ രണ്ട് കാര്യങ്ങളിലും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ചട്ട പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
പൊതു പ്രവർത്തകൻ സാജിദ് കോറോത്ത് സൗജന്യമായി പഞ്ചായത്തിന് കളിക്കളം നിർമ്മിക്കാൻ നൽകിയതാണ് ഒന്നര ഏക്കർ സ്ഥലം. ഇവിടെ നിരപ്പാക്കുന്നതിനായി മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടറുടെയും ജിയോളജി വകുപ്പിന്റെയും അനുമതിയോടെ നാഷണൽ ഹൈവേക്ക് വേണ്ടിയാണ് മണ്ണ് എടുക്കുന്നത്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പും വിജിലൻസ് സംഘം ശേഖരിച്ചു. അനധികൃതമായി ഒന്നും കണ്ടെത്തിയില്ല.