കുറ്റ്യാടി - അത്തോളി - കോഴിക്കോട് റൂട്ടിൽ
ബസ് പണിമുടക്ക് ബുധനാഴ്ചയും തുടരും :
ചർച്ച പരാജയപ്പെട്ടു ;
നിർദ്ദേശം മുന്നോട്ട് വെച്ച് ഡി വൈ എസ് പി ;
നിലപാട് കടുപ്പിച്ച് തൊഴിലാളി സംഘടനകൾ
സ്വന്തം ലേഖകൻ
അത്തോളി : കുറ്റ്യാടി - അത്തോളി - കോഴിക്കോട് റൂട്ടിൽ
ബസ് പണിമുടക്ക് ബുധനാഴ്ചയും തുടരുമെന്ന് പണിമുടക്ക് ആഹ്വാനം ചെയ്ത കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
ബസ് ഡ്രൈവറെ അക്രമിച്ചവർക്കെതിരെ നടപടിയ്ക്ക് 3 ദിവസം വേണമെന്ന്
ഡി വൈ എസ് പി യും
കാർ യാത്രക്കാർക്കെതിരെ യുള്ള കേസിൽ കൂടുതൽ വകുപ്പ് ചേർത്ത് അവരെ അറസ്റ്റ് ചെയ്യണമെന്ന് തൊഴിലാളികളും നിലപാട് കടുപ്പിച്ചതോടെയാണ്
ചർച്ചയിൽ അന്തിമ തീരുമാനമാകാതെ യോഗ പിരിഞ്ഞത്.
മൂന്നു ദിവസമായി കുറ്റ്യാടി - ഉള്ളിയേരി - കോഴിക്കോട് റൂട്ടിലെ ലൈൻ ബസ് ജീവനക്കാരുടെ പണിമുടക്ക് ചർച്ച പരാജയപ്പെട്ടതോടെ
ദീർഘദൂര യാത്രക്കാരുടെ പ്രതിസന്ധി തുടരും.
ബസ് തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിച്ച ശേഷം മാത്രമേ സമരത്തിൽ നിന്ന് പിന്നോട്ട് പോവുകയുള്ളൂ എന്ന ജീവനക്കാരുടെ ആവശ്യത്തിനു മുമ്പിൽ ചർച്ച വഴിമുട്ടുകയായിരുന്നു.
മർദ്ദനമേറ്റ് ചികിത്സയിലുള്ള ഡ്രൈവർ ലെജീഷിനെ പരിശോധിക്കുന്ന ഡോക്ടറുടെ മൊഴി ബുധനാഴ്ച എടുക്കും. ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമേ നിലവിലുള്ള കേസിൻ്റെ വകുപ്പ് മാറ്റം വേണമോ എന്ന് തീരുമാനമെടുക്കുക. ഇതിനാണ് പോലീസ് സാവകാശം മുന്നോട്ട് വെച്ചത്. എന്നാൽ കേസന്വേഷണത്തിന് സാവകാശം വേണമെന്ന പോലീസിൻ്റെ ആവശ്യം മറ്റ് ജീവനക്കാരുമായി ചർച്ച ചെയ്ത ശേഷം മറുപടി അറിയിക്കാമെന്ന് തൊഴിലാളി സംഘടന നേതാക്കൾ അറിയിച്ചു. വ്യാഴാഴ്ചയോടെ ബസുകൾ ഓടണമെന്ന് അധികൃതർ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട കാർ കസ്റ്റഡിയിൽ എടുക്കുക, ബസ് ഡ്രൈവറെ മർദ്ദിച്ച കാറിലെ യാത്രക്കാരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളായിരുന്നു സമരക്കാർ ഉന്നയിച്ചത്.
അടുത്ത ഞായറാഴ്ച തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പന്ത്രണ്ടാം തീയതി തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് ബിഎംഎസ് യൂണിറ്റ് പ്രസിഡൻ്റ് ഷൈൻ പൈമ്പള്ളി അറിയിച്ചു. ഇതിനുള്ള നോട്ടീസ് ബുധനാഴ്ച നൽകും. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കൂമുള്ളിയില്‍ വച്ചു കുറ്റ്യാടി റൂട്ടില്‍ ഓടുന്ന ബസ്സിലെ ഡ്രൈവറെ അകാരണമായി മര്‍ദിച്ചുവെന്നാരോപിച്ചാണ് കുറ്റ്യാടി - ഉള്ള്യേരി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികൾ പണി മുടക്കിയത്. ബസ് തൊഴിലാളി സംയുക്ത കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
സംഭവത്തില്‍ ലിനീഷിനെ മര്‍ദ്ദിച്ചു എന്ന പറയുന്ന കെ.എല്‍ 56 എം 3530 നമ്പര്‍ കാറിലെ രണ്ടു പേർക്കെതിരെ കേസെടുത്തതായി അത്തോളി പോലീസ് അറിയിച്ചു. ഇവരിലൊരാൾ പരിക്കുകളുടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ കിടക്കുന്നവർക്കും കാറിൽ ഉണ്ടായിരുന്ന സഹയാത്രികനും വധ ഭീഷണി ഉള്ളതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിലാണ് പരാതി നൽകിയത്.
പണിമുടക്ക് സംബന്ധിച്ച് പേരാമ്പ്ര ഡി വൈ എസ് പി ആസ്ഥാനത്ത് നടത്തിയ
ചർച്ചയ്ക്ക് ഡി വൈ എസ് പി -ലതീഷ് , പേരാമ്പ്ര ജോയിൻ്റ് ആർടിഒ പി രാജീവ് , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ ടി ശ്യം ജിത്ത് ,അത്തോളി എസ് ഐ ആർ .രാജീവ്,
ബസ് തൊഴിലാളി പ്രതിനിധികളായി
ചന്ദ്രൻ ( സി ഐ ടി യു )
ഷൈൻ പൈമ്പള്ളി (ബി എം എസ്), മോഹനൻ കൈതക്കൽ (സിഐടിയു) , നികേഷ് ചാലിൽ (സംയുക്ത തൊഴിലാളി കൂട്ടായ്മ), , ബസ് ഓണേഴ്സ് ജില്ലാ സെക്രട്ടറി ബീരാൻകോയ , ഏരിയാ സെക്രട്ടറി എസി ബാബുരാജ്, ട്രഷറർ റിയാസ് സിഗ്മ , ഹരീഷ് നെല്ലിയോടൻ എന്നിവർ പങ്കെടുത്തു.