കൃഷിക്കൂട്ടം പദ്ധതിയുമായി കോക്കല്ലൂർ എൻ എസ് എസ് വളണ്ടിയർമാർ
കോക്കല്ലൂർ :ജൈവ പച്ചക്കറി പ്രോൽസാഹിപ്പിക്കുന്നതിനും കാർഷിക മേഖലയുടെ പ്രാധാന്യം കുട്ടികൾക്ക് തിരിച്ചറിയുന്നതിനുമായി കോക്കല്ലൂർ ഗവ ഹയർ സെക്കന്ററി എൻ എസ് എസ് വളണ്ടിയർമാർ നടപ്പിലാക്കുന്ന കൃഷിക്കൂട്ടം പദ്ധതി ശ്രദ്ധേയമായി. സ്കൂളിലും വീടുകളിലുമായി വളണ്ടിയർമാർ ഗ്രോബാഗിൽ തക്കാളി, വെണ്ട, കാബേജ്, വഴുതിന, പയറ്, പച്ചമുളക് തുടങ്ങി വിവിധ പച്ചക്കറികൾ കൃഷി ചെയ്തു. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഈ വരുന്ന ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുന്ന എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പിൽ കുട്ടികൾ സ്വയം ഉൽപാദിപ്പിച്ച പച്ചക്കറികൾ ഉപയോഗിക്കും. കൃഷിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിളവെടുപ്പ് നടത്തി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് ചെയർമാർ പി എൻ അശോകൻ നിർവ്വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ലിഷ മനോജ് അധ്യക്ഷയായി. റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ എൻ എം നിഷ , ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോക്ടർ മനു വി തോട്ടയ്ക്കാട്, പി ടി എ പ്രസിഡന്റ് അജീഷ് ബക്കീത്ത, സീനിയർ അസിസ്റ്റന്റ് മുഹമ്മദ് സി അച്ചിയത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൻ എസ് എസ് വോളന്റീർ മാരായ വി എം ആര്യനന്ദ സ്വാഗതവും, ഹമീസ പർവീൺ നന്ദിയും പറഞ്ഞു.
ഫോട്ടോ കൃഷിക്കുട്ടം പദ്ധതി പി എൻ അശോകൻ പച്ചക്കറി വിളവെടുത്ത് ഉദ്ഘാടനം ചെയ്യുന്നു