ആവേശമായി ചീക്കിലോട് ഫുട്ബോൾ ലീഗ് ;  വിജയക്കൊടി പാറിച്ച് എഫ് സി ടെർമിനേറ്റേർസ്
ആവേശമായി ചീക്കിലോട് ഫുട്ബോൾ ലീഗ് ; വിജയക്കൊടി പാറിച്ച് എഫ് സി ടെർമിനേറ്റേർസ്
Atholi News12 Mar5 min

ആവേശമായി ചീക്കിലോട് ഫുട്ബോൾ ലീഗ് ;


വിജയക്കൊടി പാറിച്ച് എഫ് സി ടെർമിനേറ്റേർസ്

     



ചീക്കിലോട്: ചീക്കിലോട് എയുപി സ്കൂൾ സംഘടിപ്പിച്ച രണ്ടാമത് സ്കൂൾ തല ഫുട്ബോൾ ലീഗ് സമാപിച്ചു. ഫുട്ബോൾ പ്രേമികളെ ഹരം കൊള്ളിച്ച വാശിയേറിയ പോരാട്ടത്തിനൊടുവിൽ എഫ് സി ടെർമിനേറ്റേർസ് ഫുട്ബോൾ ലീഗ് കിരീടം ചൂടി.തിങ്കളാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ വൈറ്റ് നിൻജാസ് നെ ഒന്നിനെതിരെ മൂന്ന്ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.നാല് ഗ്രൂപ്പുകളിലായി 17ടീമുകളിലാണ് സ്കൂൾ വിദ്യാർത്ഥികൾ ലീഗിൽ മത്സരിച്ചത്. വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ ശക്തരായ ഡിസ്റ്റോസ് ടീമിനെ പരാജയപ്പെടുത്തി എഫ് സി ടെർമിനേറ്റേർസും രണ്ടാം സെമിയിൽ കാസ്കോ ടീമിനെ പരാജയപ്പെടുത്തി വൈറ്റ് നിൻജാസ്സും ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനൽ മത്സരം ആദ്യാവസാനം ഉദ്വേഗജനകമായിരുന്നു. കിരീടം നേടിയ എഫ് സി ടെർമിനേറ്റേർസ്സിന് ടി ദാമോദരൻ മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ വൈറ്റ് നിൻജാസ്സിന് എൻ ബാലൻ മാസ്റ്റർ മെമ്മോറിയൽട്രോഫി ലഭിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായി നിരദ് കൃഷ്ണയെ തിരഞ്ഞെടുത്തു.

ഫൈനൽ മത്സരം കാണാൻ നിരവധി കായിക പ്രേമികൾ എത്തിയിരുന്നു. 10 ദിവസങ്ങളിലായി 35 മത്സരങ്ങൾ നടന്നു. 170 മത്സരാർത്ഥികൾ മാറ്റുരച്ചു. സ്കൂൾ മൈതാനത്ത് നടന്ന ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി അഭിൻ കൃഷ്ണ, അമൽ മുഹമ്മദ് എന്നിവർ ഗോൾഡൻ ബൂട്ടിനും,മികച്ച സേവുകൾ നടത്തി മുഹമ്മദ് ഹാദി ഗോൾഡൻ ഗ്ലൗവിനും അർഹരായി.സുര്യദേവ് സന്തോഷാണ് ടൂർണ്ണമൻ്റിലെ താരം.അംജദ് ആയാൻ ടൂർണമെന്റിലെ ഡിഫൻഡർ ആയി തിരഞ്ഞെടുത്തു.സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കാക്കൂർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ എം കെ സമാപന സമ്മേളന ഉദ്ഘാടനവും വിജയിച്ച ടീമിനുള്ള സമ്മാനദാനവും നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ എസ് ബിജു.പിടിഎ പ്രസിഡണ്ട് കെ എം രൂപേഷ്. എം പി ടി പ്രസിഡൻറ് അഫ്രിൻ ബായി ,സ്റ്റാഫ് സെക്രട്ടറി പ്രസീത ആർ.സ്കൂൾ മാനേജർ എം കെ രവീന്ദ്രൻ, മുൻ പ്രധാന അധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Recent News