വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ഉള്ളിയേരി - അത്തോളി ബസ് ജീവനക്കാരുടെ പരാക്രമം; കണ്ടക്ടർക്കെതിരെ കേസ്
സ്വന്തം ലേഖകൻ
അത്തോളി :വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ഉള്ളിയേരി - അത്തോളി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർ പരാക്രമം നടത്തിയതായി പോലീസിൽ പരാതി..
സംഭവത്തിൽ കണ്ടക്ടർ ബാലുശ്ശേരി സ്വദേശി കോറോത്ത് കണ്ടി മുഹമ്മദ് നിഹാലിന് (24) എതിരെ കേസെടുത്തു. ബി എൻ എസ് 126 (2) 115 (2) 324(4) 3 (5) വകുപ്പുകൾ ചുമത്തിയാണ് കേസ്.
വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യയും കുടുംബവും ഇന്ന് രാവിലെ തിരൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന യാത്രക്കിടയിൽ ഉള്ളിയേരിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.
രാവിലെ 10 .30 ഓടെ ഉള്ളിയേരി ജംഗ്ഷനിൽ കുറ്റ്യാടി കെ എസ് ആർ ടി സി ബസ് ബ്രേക്ക് ഡൗൺ ആയി, ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.ഈ സമയം
നിരവധി വാഹനങ്ങളെ മറി കടന്ന് ഉള്ളിയേരി - കോഴിക്കോട് ബസ് ( വരദാനം -കെ എൽ 76 എ 2632) മുന്നിലേക്ക് കുതിച്ചു. ബ്ലോക്കിൽ ഉണ്ടായിരുന്ന ഇന്നോവ കാറും മറി കടന്ന് പോകാൻ കഴിയാതെ വന്നതോടെ ബസ് കണ്ടക്ടറും ക്ലീനറും ബഹളം വെച്ച് കാറിനടുത്തേയ്ക്ക് എത്തി . കാർ ഓടിച്ചിരുന്ന പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മകളുടെ മകൻ അലീഫ് നിഹാ ലുമായി തർക്കമായി. അതിനിടയിൽ കണ്ടക്ടർ അലിഫിനെ മർദ്ദിച്ചു . ഓൺ ആയി കിടന്ന കാറിൻ്റെ താക്കോൽ പിടിച്ച് പറിക്കാൻ ശ്രമിക്കുന്നതിനിടെ അത് പിന്നീട് ബ്ലോക്കായി . കാറിന്റെ എഞ്ചിൻ ഓഫാക്കാനും കഴിയാതെയായി. ഈ സമയവും ഇരു കൂട്ടരും വാക് തർക്കം തുടർന്നു . കണ്ടക്ടർ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റെ വാച്ച് പൊട്ടി താഴെ വീണു.ഇതിനെല്ലാം ദൃക്സാക്ഷിയായ പയ്യോളി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡും ഉള്ളിയേരി സ്വദേശിയുമായ പ്രകാശനും സംഭവസ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രാമകൃഷ്ണനും സംഘർഷം അയവ് വരുത്താൻ മുന്നിലുണ്ടായിരുന്നു.
" ബസ്സിലുള്ളവരാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രകാശൻ പറഞ്ഞു.
"എഞ്ചിൻ ഓഫാക്കാനാകാതെ വാഹനം സംഭവ സ്ഥലത്ത് ഏറെ നേരം നിർത്തിയിട്ടു.തുടർന്ന് ആദ്യം തലക്കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി പിന്നാലെ അത്തോളി പോലീസിൽ പരാതിയും നൽകി. "കണ്ടക്ടറും ക്ലീനറും പേരക്കുട്ടിയുമായി തമ്മിൽ തർക്കത്തിലായി . സ്ത്രീകൾ ഉള്ള വാഹനമാണെന്ന് പോലും പരിഗണിക്കാതെ പേര കുട്ടിയെ അടിച്ചു" പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജനപ്രതിനിധിയേയും കുടുംബത്തെയും ആക്രമിക്കുകയും റോഡിൽ ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്ത ബസ് കണ്ടക്ടർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ സെക്രട്ടറി ഷെമീർ നളന്ദ പറഞ്ഞു.