അത്തോളി വി എച്ച് സി പ്ലസ് വൺ വിദ്യാർത്ഥിയെ മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് പരാതി :
പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ;കുറ്റാരോപിതർക്കെതിരെ
നടപടിയെടുത്തതായി പ്രിൻസിപ്പൽ
അത്തോളി: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ജൂലായ് 10 ന് വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥി സമരത്തെ തുടർന്ന് കാലത്ത് സ്കൂൾ വിട്ടതിനു ശേഷം പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ബലമായി പിടിച്ചുകൊണ്ടു പോവുകയും സ്‌കൂളിന് അടുത്തുള്ള വിജനമായ ഇടവഴിയിൽ വച്ച് മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി. ഡാൻസ് ചെയ്യാനും നൃത്തം ചെയ്യാനും നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.കുട്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം ഷൂകൊണ്ട് തലക്കും വയറിനും ചവിട്ടി പരിക്കേൽപ്പിച്ചതായും രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു.
സംഭവം സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ അത്തോളി പോലീസിനും
പരാതി നൽകിയിട്ടുണ്ട് .
പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കെതിരെയുമാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. അതെ സമയം സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും പരാതി പൊലീസിന് കൈമാറിയതായും ആരോപണവിധേയരായ അഞ്ചു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും തൽക്കാലം മാറ്റിനിർത്തിയതായും പ്രിൻസിപ്പൽ പറഞ്ഞു.