ഭരത് പി.ജെ.ആന്റണി സ്മാരക അവാർഡ് : മികച്ച നടി അത്തോളി സ്വദേശിനി ഉത്തര.
അത്തോളി :15-മത് ഭരത് പി.ജെ.ആന്റണി സ്മാരക ദേശീയ അവാർഡ് പ്രഖ്യാപിച്ചു.
മികച്ച നടിയായായി അത്തോളി സ്വദേശി ഉത്തരയെ തിരഞ്ഞെടുത്തു.
മഴവില്ല് തേടിയ കുട്ടി എന്ന ഹ്രസ്വ സിനിമയിലെ അഭിനയം പരിഗണിച്ചാണ് അവാർഡെന്ന് ജൂറി വിലയിരുത്തി.
തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ പുരസ്കാരം വിതരണം ചെയ്യ്തു.
ഡോ. സി. രാവുണ്ണി ചെയർമാനും സംവിധായകൻ പ്രിയനന്ദൻ, ജയരാജ് വാര്യർ, ബിന്നി ഇമ്മിട്ടി, ചാക്കോ ഡി അന്തിക്കാട് തുടങ്ങിയവർ മെമ്പർമാരുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
ഉത്തര ഇതിനോടകം കൊത്ത്, സൗദി വെള്ളക്ക, ഉപചാരപൂർവ്വം ഗുണ്ടാ ജയൻ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൊയിലാണ്ടി ഭരതാജ്ജലിയിൽ മധു മാഷിന്റെ ശിഷ്യത്വത്തിൽ നൃത്തം അഭ്യസിച്ചു വരുന്നു.
പുസ്തകത്തിലെ മഴവില്ല് ആകാശത്ത് കാണാൻ കഴിയാത്ത കുട്ടിയുടേയും
ജീവിതത്തിന്റെ മഴവില്ല് നഷ്ടപ്പെട്ടുപോയ അമ്മയുടേയും മനസ്സാണ് സിനിമയുടെ ഉള്ളടക്കം.
നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹ്രസ്വസിനിമകൾ ഒരുക്കിയ ബ്രിജേഷ് പ്രതാപ് ആണ് മഴവില്ല് തേടിയ കുട്ടി തിരക്കഥ എഴുതി സംവിധാനവും നിർവ്വഹിച്ചത്.
ഹരിഗോവിന്ദ് എം.എസ് എഴുതിയ കഥയെ ആസ്പദമാക്കിയാണ് സിനിമ.
മികച്ച ബാലനടി, മികച്ച ഗായിക, മികച്ച സംഗീതം എന്നീ അവാർഡുകളും സിനിമ നേടിയിട്ടുണ്ട്.
ഇതിനോടകം യൂട്യൂബിലൂടെ ഒരു ലക്ഷത്തിൽപ്പരം ആളുകൾ കണ്ട മഴവില്ല് തേടിയ കുട്ടി എന്ന ഹ്രസ്വ സിനിമക്ക് ഇന്ത്യയിലെ വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ നിന്നായി ഇരുപത്തിയഞ്ചോളം അവാർഡുകളും ലഭിച്ചിട്ടുണ്ട്.