അത്തോളിക്കാവ് ശിവക്ഷേത്രം ധ്വജപ്രതിഷ്ഠ മര മുറിയും സ്വീകരണവും 26 ന്
അത്തോളി: അത്തോളിക്കാവ് ശിവക്ഷേത്രത്തിൽ സ്ഥിരമായി ഒരു സ്തംഭം സ്ഥാപിച്ച് ധ്വജപ്രതിഷ്ഠക്കായുള്ള തേക്ക് മരം മുറിയും ക്ഷേത്രത്തിലേക്കുള്ള സ്വീകരണവും ഈ മാസം 26 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചേളന്നൂരിലെ കണ്ണങ്കര ചിറക്കുഴിഭാഗത്തു നിന്നും കണ്ടെത്തി ക്ഷേത്ര അളവിൽ 13 മീറ്റർ നീളത്തിൽ ലഭിച്ച മരം അന്ന് രാവിലെ ആചാര പ്രകാരം മുറിച്ച് എത്തിച്ച് വൈകുന്നേരം നാലു മണിയോടെ അത്തോളി അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആചാരപൂർവ്വം സ്വീകരിച്ച് വാദ്യമേളങ്ങളോടും താലപ്പൊലിയുമായി ഘോഷയാത്രയായി അത്തോളിക്കാവ് ശിവ ക്ഷേത്ര സന്നിധിയിൽ എത്തിക്കും. തുടർന്ന് നടക്കുന്ന മരം ഏറ്റു വാങ്ങൽ ചടങ്ങിൽ എം.കെ രാഘവൻ എം.പി, കെ.എം സച്ചിൻ ദേവ് എം.എൽ.എ, ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ തുടങ്ങിയവർ സംബന്ധിക്കും.തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂരിപ്പാട് , പുതിയേടത്തില്ലത്ത് വിജയാനന്ദൻ നമ്പൂതിരി, മേൽശാന്തി സുരേന്ദ്രൻ കൂമുള്ളി എന്നിവരാണ് കാർമികത്വം വഹിക്കുക. ഒരു വർഷം നീളുന്ന കാലയളവിൽ വിവിധ ചടങ്ങുകൾക്കു ശേഷം അടുത്ത ശിവരാത്രിയോടനുബന്ധിച്ചാ
ണ് പ്രതിഷ്ഠ നടത്തുക. മരത്തിനോട് സമ്മതം ചോദിക്കൽ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെ.എം രാജൻ, സെക്രട്ടറി കെ.എം രവീന്ദ്രൻ, ട്രഷറർ അരവിന്ദാക്ഷൻ മഠത്തിൽ, ആഘോഷ കമ്മിറ്റി ചെയർമാൻ ഗിരീഷ് പാലാക്കര, കൺവീനർ എ.കെ സുബാഷ്,ടി.കെ മോഹനൻ, എ.എം ബാബു, പ്രവീൺ കരുമനക്കൽ, രമേശ് മണലിയിൽ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.