സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങും വഴി പെൺകുട്ടിയെ കടന്നുപിടിച്ചു ',ബീഹാർ സ്വദേശി 24 മണിക്കൂറിനുള്ളിൽ പോലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖിക
പെരുമണ്ണ : ചാമാടത്ത് റോഡിൽ വെച്ച് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിൻതുടർന്ന് കടന്നുപിടിച്ച ബിഹാർ സ്വദേശി പോലീസിന്റെ പിടിയിലായി. ബീഹാർ കഹാരിയ ജില്ലയിലെ രവമണിയ സ്വദേശി സജ്ഞയ് പാസ്വാൻ( 30 ) നെയാണ് പോലിസിൻ്റെ ഊർജ്ജസ്വലമായ അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലായത്.ബുധനാഴ്ച്ച നഗര പരിധിയിൽ നിന്നും ദൂരെയുള്ള കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് രാത്രി 8 മണിയോടെ ബസ്സിറങ്ങി വീട്ടിലേക്ക് ഒറ്റയ്ക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയാണ് അക്രമത്തിന് ഇരയായത്.
വെളിച്ചം കുറവുള്ളതും ആൾ പെരുമാറ്റം ഇല്ലാത്തതുമായ ഭാഗത്ത് എത്തിയ സഞ്ജയ് പുറകിലൂടെ കടന്നു വന്ന് പെൺ കുട്ടിയുടെ കവിളിൽ അമർത്തുകയും
വായ പൊത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
പേടിച്ച് ഭയന്ന് ഓടിയ പെൺകുട്ടിക്ക് റോഡിൽ വീണ് പരിക്കേറ്റു.പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപ വാസികൾ ഓടി എത്തുമ്പോഴേക്കും പ്രതി സ്ഥലത്തു നിന്നും കടന്നു കളഞ്ഞു.സംഭവം അറിഞ്ഞ് നൂറോളം ആളുകൾ രാത്രി വൈകിയും ഭീതി മാറാതെ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.സംഭവ
സ്ഥലത്ത് എത്തിയ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. എം സിദ്ദീഖ്, പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ബിജുകുമാർ എന്നിവരും സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണം ഊർജിതമാക്കി.ആദ്യം സ്ഥലത്തെ സി സി ടി വി ക്യാമറകൾ പരിശോധിച്ചു.തുടർന്ന് പെരുമണ്ണയിലും പരിസര പ്രദേശങ്ങളിലെയും അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പുലർച്ചെ വരെ നിരീക്ഷണം നടത്തി.ഈ നീക്കങ്ങൾക്കിടയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിൽ പ്രതി കുടുങ്ങി.ആറ് വർഷമായി ഇയാൾ ബീഹാറിൽ നിന്നും പെരുമണ്ണയിലെത്തി വിവിധ ജോലികൾ ചെയ്ത് വാടക മുറിയിൽ താമസിച്ചു വരികയായിരുന്നു.
അന്വേഷണസംഘത്തിൽ എസ് ഐ സുഭാഷ് ചന്ദ്രൻ, എ എസ് ഐ ഷംസുദ്ദിൽ വനിത സിപിഒ പ്രിൻസി, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ അരുൺകുമാർ മാത്തറ,ഷഹീർ പെരുമണ്ണ,എസ് സി പി ഒ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ ടി വിനോദ്, അഖിൽബാബു,സുബീഷ് വേങ്ങേരി എന്നിവർ ഉണ്ടായിരുന്നു.പിടിയിലായ പ്രതിക്ക് മുൻപ് സമാന കേസ്സുകൾ ഉണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പ്രതിയെ പെട്ടെന്ന് പിടി കൂടാനായതിൻ്റെ ആശ്വാസത്തിലാണ് നാട്ടുകാരും പോലീസും.
നാളെ ( വെള്ളിയാഴ്ച )കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു