അനന്തപുരിയിൽ നാടകവിജയമേറി ജി.എച്ച്.എസ്.എസ് കോക്കല്ലൂരിന്റെ "ഏറ്റം" ;
ഒമ്പതാം തവണയും എ ഗ്രേഡ്
ആവണി എ എസ്
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്ററി നാടക മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ " ഏറ്റം" എ ഗ്രേഡും മികച്ച നടൻ നേട്ടവും കരസ്ഥമാക്കി.
ഞായറാഴ്ച ടാഗാർ തിയറ്ററിൽ നിറഞ്ഞ സദസിൽ അവതരിപ്പിച്ച ഏറ്റം നാടകം
അടിച്ചമർത്തപ്പെടുന്നവരുടെയും കുടിയിറക്കപ്പെടുന്നവരുടെയും അതിജീവന രാഷ്ട്രീയം ഉജ്ജ്വലമുഹൂർത്തങ്ങളിലൂടെയാണ് അവതരിപ്പിച്ചത്.
നാടക രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ ദാസ് ആണ്. സംസ്ഥാനത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് "ഏറ്റം" നാടകത്തിൽ മാരിയുടെ വേഷം ചെയ്തിരിക്കുന്ന യദുകൃഷ്ണ റാം. കൊല്ലത്ത് കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ നാടക മത്സരത്തിൽ കുമരുവിന്റെ വേഷം ചെയ്ത് മികച്ച നടനായി തിരഞ്ഞെടുത്തതും യദുകൃഷ്ണ റാം ആണ്.
മാവറിക്സ് ക്രിയേറ്റീവ് കലക്ടീവ് എന്ന നാടക കൂട്ടായ്മയുടെ പിന്തുണയോടെ ഒരുക്കിയ നാടകത്തിൽ
യദു കൃഷ്ണ റാം, പ്രാർത്ഥന എസ് കൃഷ്ണ, സി.റിയോന,
ആർ. രുദാജിത്ത്,
എൽ.എസ്. സുമന, എ.എസ്. അശ്വിനി,
വി.എസ് അനുദേവ്, പി.എസ് ശിവേന്ദു,
നിയ രഞ്ജിത്ത്,
പി. വി. അനുനന്ദ് രാജ് എന്നിവരാണ് അഭിനേതാക്കൾ.
സംഗീതം
നിജിൽദാസ്,
ആർട്ട് അഖിലാഷ് പാലിയൻ, സുമേഷ് മണിത്തറ, ശ്രീലേഷ് മണ്ണാംപൊയിൽ, ഫ്രാൻസിസ് ചിറയത്ത്.
കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിന്റെ
കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേൻ, ഓട്ട, കക്കുകളി, സിംഗപ്പൂർ, കലാസമിതി, കുമരു എന്നീ എട്ട് നാടകങ്ങൾ മുൻ വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി ശ്രദ്ധേയമായവയാണ്. ഇത്തവണ തലസ്ഥാന നഗരിയിൽ കലോത്സവം എത്തിയപ്പോൾ ഒമ്പതാമത് നാടകമായി"ഏറ്റം"വിജയഭേരി മുഴക്കി.
കാസർഗോഡ് സംസ്ഥാന കലോത്സവത്തിൽ കോക്കല്ലൂരിന്റെ "സിംഗപ്പൂർ" എന്ന നാടകത്തിൽ ബി.എസ്.അദ്വൈത് മികച്ച നടനായിരുന്നു. കൊല്ലത്ത് "കുമരു"വിലും തിരുവനന്തപുരത്ത് "ഏറ്റ"ത്തിലും യദുകൃഷ്ണ റാം തുടർച്ചയായി രണ്ടു വർഷങ്ങളിൽ മികച്ച നടനായി ചരിത്രനേട്ടം സ്വന്തമാക്കി.
പ്ലസ്ടു സയൻസ് ക്ലാസ്സിൽ പഠിക്കുന്ന യദു കൃഷ്ണ റാം ചീക്കിലോട് ശ്രീശിവത്തിൽ രാമചന്ദ്രൻ കല്ലിടുക്കിലിന്റെയും എസ്. ഹിമയുടെയും മകനാണ്.