വാളും പരിചയും തിരികെ നൽകി വാളകം കൂടി',
കൊങ്ങന്നൂർ ആശാരിക്കാവ് തിറയുത്സവം സമാപിച്ചു
എ എ
അത്തോളി : മൂന്ന് ദിവസങ്ങളിലായി കൊങ്ങന്നൂർ ദേശത്തെ ഭക്തി സാന്ദ്രമാക്കിയ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവം സമാപിച്ചു.കെട്ടിയാട്ടക്കാർ തറവാട് കാരണവർക്ക് വാളും പരിചയും തിരികെ നൽകി വാളകം കൂടിയാണ് ഈ ആണ്ടിലെ തിറ മഹോത്സവത്തിന് സമാപനം കുറിച്ചത്.ക്ഷേത്ര കാരണവർ എൻ പി ശങ്കരൻ , കെട്ടിയാട്ടക്കാരൻ ശശി പനങ്ങാടിൽ നിന്നും വാളും പരിചയും ഏറ്റുവാങ്ങി.വൈസ് പ്രസിഡണ്ട് കെ ടി ശിവ ദാസൻ, സെക്രട്ടറി എൻ പി അനിൽ കുമാർ, കർമ്മികളായ എൻ പി പ്രജീഷ്, സുരേഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായി.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും
തിറ കെട്ടിയാട്ട വേഷങ്ങളിലും വേറിട്ട് നിൽക്കുന്ന ക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രി മാതൃസമിതി തിരുവാതിരയും, കുട്ടികളുടെ തിരുവാതിരയും അരങ്ങേറി.വെള്ളിയാഴ്ച പകൽ വിവിധ മൂർത്തികളുടെ വെള്ളാട്ടവും തുടർന്ന് ഭഗവതി തിറയോടെ താലപ്പൊലിയും നടന്നു. കൊട്ടിക്കയറിയ പാണ്ഡിമേളം ക്ഷേത്രാങ്കണത്തെ
ഭക്തി ലഹരിയിലാക്കി.തുടർന്ന് വെടിക്കെട്ടും ഉണ്ടായിരുന്നു.
ഒരേ സമയം 5 വേഷത്തോടെ കണ്ഠത്ത് രാമൻ തിറ അരങ്ങേറിയത് വൻ ജന പങ്കാളിത്തത്തോടെ യായിരുന്നു.
ക്ഷേത്രത്തിൻ്റ പ്രധാന ദേവ സാന്നിധ്യമായ ഗുരുദേവരുടെ സന്തത സഹചാരി കണ്ഠത്ത് രാമൻ്റെ ജീവിത കഥയുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂർ നീണ്ട തിറ കെട്ടിയാട്ടത്തിലൂടെയാണ് അവതരിപ്പിച്ചത് . ഈ മൂർത്തിയുടെ സാത്വിക ഭാവമായ കണ്ഠത്ത് രാമൻ വെള്ളാട്ടം ഭക്തി നിർഭരമായി. ബീഡിയും തീപ്പെട്ടിയുമാണ് കണ്ഠത്ത് രാമന് ഭക്തർ നേർച്ചയായി നൽകുന്നത്. ഇതും അപൂർവതയാണ്.