അണ്ടിക്കോട്  റോഡരികിലെ  നടപ്പാതയിൽ സ്ലാബിട്ടില്ല ;അപകട ഭീഷണി ഉയർത്തി വളവും
അണ്ടിക്കോട് റോഡരികിലെ നടപ്പാതയിൽ സ്ലാബിട്ടില്ല ;അപകട ഭീഷണി ഉയർത്തി വളവും
Atholi News28 Jun5 min

അണ്ടിക്കോട്  റോഡരികിലെ  നടപ്പാതയിൽ സ്ലാബിട്ടില്ല ;അപകട ഭീഷണി ഉയർത്തി വളവും 

  

ആവണി എ എസ്


തലക്കുളത്തൂർ : സംസ്ഥാന പാതയിൽ വി കെ റോഡു മുതൽ അണ്ടിക്കോട് - പറമ്പത്ത് റോഡരികിൽ മിക്കയിടങ്ങളിലും നടപ്പതയിൽ സ്ലാബിടാത്തത് അപകട ഭീഷണി ഉയർത്തുന്നു. മിയാമി കൺവെൻഷൻ സെൻ്ററിന് മുൻപിൽ കോഴിക്കോട്ടേക്ക് പോകുന്ന മതിലിനോട് ചേർന്ന് ഓവു ചാൽ നിർമ്മാണം പൂർത്തിയാക്കിയിട്ടും നടപ്പാതയിൽ സ്ലാബിടാത്തതിനാൽ ഈ ഭാഗത്താണ് കൂടുതൽ അപകട ഭീഷണിയുള്ളത്.


വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ച അന്നശ്ശേരിയിലെ ഒരു കുടുംബം സഞ്ചരിച്ച കാർ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.വളവായതിനാൽ റോഡ് ഇടത് വശം ചേർന്ന് കാർ ഓടിച്ചപ്പോൾ രണ്ട് വശവും സിമൻ്റിട്ട ഓടയിലേക്ക് കാറിൻ്റെ മുന്നിലും പിന്നിലുമുള്ള ടയർ കുടുങ്ങുകയായിരുന്നു. ആർക്കും അളപായമില്ല. വാഹനത്തിന് അധികം കേട്പാടും സംഭവിച്ചില്ല. എന്നാൽ കാർ പുറത്തെടുക്കാൻ സമയം വൈകുമെന്നായതോടെ മറൊരു കാറിൽ കുടുംബം വിമാനത്താവളത്തിലേക്ക് തിരിച്ചു.


അപകട ഭീഷണി ഉയർത്തുന്ന വി കെ റോഡ് - അണ്ടിക്കോട് - പറമ്പത്ത് ഭാഗത്ത് നടപ്പാതയിൽ സ്ലാബിട്ട് പ്രശ്ന പരിഹാരം വേണമെന്ന് രഞ്ജിത്ത് നന്ദനം അധികൃതരോട് ആവശ്യപ്പെട്ടു. രഞ്ജിത്താണ് കാർ അപകടത്തിൽപ്പെട്ട വാർത്താ ചിത്രം അത്തോളി ന്യൂസിലേക്ക് അയച്ചത്.


മിയാമി കൺവെൻഷൻ സെന്ററിന് മുൻപിലും ഇത് പോലെ സ്ലാബിടാത്ത അവസ്ഥയിലാണുള്ളത് ,


''ഇക്കാര്യം പല തവണ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും റോഡ് കോൺട്രാക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു , നാളിത് വരെ ഒന്നും ചെയ്തില്ല . പാവങ്ങാട് ഉള്ളിയേരി റോഡ് വികസനത്തിൻ്റെ ഭാഗമായി റോഡ് വീതി കൂടുമെന്നും അധികം വൈകാതെ ഈ ഭാഗം പൊളിക്കുമെന്നുമാണ് മറുപടി, അതിനാലാകും സ്ലാബിടാനുള്ള പണം ചിലവാക്കാതിരിക്കുന്നതെന്ന് മനസിലാക്കുന്നു , അപകടം കാത്തിരിക്കുന്ന 'അവസ്ഥയാണ് ' ഇപ്പോഴുള്ളതെന്ന് ചുരുക്കം. - പൊതു പ്രവർത്തകൻ എം പി ഫൈസൽ അത്തോളി ന്യൂസിനോട് പറഞ്ഞു.

Recent News