അത്തോളി കുനിയിൽ തെരു റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; കുളങ്ങരക്കണ്ടിപ്പറമ്പ് - സഹകരണ ആശുപത്രി കിടങ്ങിൽ പ്ലാറ്റ് ഫോം നിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു
ആവണി എ എസ്
അത്തോളി : കുനിയിൽ തെരു റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ
ഇത് വഴിയുള്ള യാത്ര ദുരിതമാകുന്നതായി പരാതി. റോഡ് ടാർ ചെയ്തെങ്കിലും വശങ്ങളിൽ വെള്ളം ഒഴുകി പോകാൻ സംവിധാനമില്ലാതായതോടെ കുനിയിൽ തെരു ഗണപതി ക്ഷേത്രം റോഡ് 'കുളം'മായി മാറി.
ഈ റോഡിൻെ മധ്യഭാഗത്തായി കിഴക്ക് ഭാഗത്തേക്ക് കുളങ്ങരക്കണ്ടി പറമ്പ് - ശെന്നൻക്കണ്ടി പറമ്പ് വഴി സഹകരണ ആശുപത്രിയിലെക്ക് കിടങ്ങ് വഴി നേരത്തെ ഉണ്ടായിരുന്നു . എന്നാൽ റോഡിന് ഉയരം കൂട്ടിയപ്പോൾ കിടങ്ങ് വഴി അടഞ്ഞു മൂടപ്പെട്ട അവസ്ഥയിലുമായി . ഈ കിടങ്ങ് ആഴം കൂട്ടി വൃത്തിയാക്കുകയും അതിന് മുകളിലായി
ഫുട്ബാത്ത് നിർമ്മിക്കുകയും ചെയ്താൽ കുനിയിൽ തെരു റോഡിലെ വെള്ളക്കെട്ട് ഇല്ലാതാകും .
സഹകരണ ആശുപത്രിയിലേക്ക് ടൗൺ വഴിയുള്ള തിരക്ക് ഒഴിവാക്കി ക്രോസ് റോഡ് വഴി ഉപയോഗപ്പെടുത്താനും കഴിയും.
മഴക്കാലമായാൽ
ഇത് വഴി യാത്ര പ്രയാസമാണ് , പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും , ഫലം ഉണ്ടായില്ല. വാർഡ് മെമ്പർ ശരിയാകും എന്ന് പറയും . ഈ മഴക്കാലത്തും ദുരിതം അനുഭവിക്കുകയാണ്. പ്രദേശവാസിയായ റിട്ട . പോലീസ് ഉദ്യോഗസ്ഥൻ
പി രാമകൃഷ്ണൻ അത്തോളി ന്യൂസിനോട് വിശദീകരിച്ചു . ഇത് കണ്ട് നിൽക്കാനാവില്ല ,
പരിഹാര നടപടിയ്ക്ക് നീക്കമില്ലെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതികരണ വേദി വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ ആർ കെ ലതീഷ് പറഞ്ഞു.
കഴിഞ്ഞ രണ്ട് തവണയും വാർഡിന് അനുവദിച്ച 6 ലക്ഷം രൂപ വീതം തുക പാലോറത്ത് കാവ് ക്ഷേത്രത്തിന് സമീപമുള്ള അങ്കൻവാടി കെട്ടിടത്തിനായി മാറ്റിവെച്ചു. വാർഡുകൾക്ക് അനുവദിക്കുന്ന തുകയേക്കാൾ ആവശ്യമാണ് ഓരോ സ്ഥലത്തുണ്ടാകുന്നത്. ഫണ്ട് അനുവദിക്കുന്നതിലെ പരിമിതിയാണ് പരിഹാരത്തിന് തടസ്സമാകുന്നതെന്ന് വാർഡ് മെമ്പർ സന്ദീപ് നാലുപുരയ്ക്കൽ അത്തോളി ന്യൂസിനോട് പ്രതികരിച്ചു .