അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
സ്വകാര്യ ആശുപത്രികളുടെ സേവനം പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴവെട്ടുമ്പോലെയെന്ന് മന്ത്രി വി എൻ വാസവൻ
അത്തോളി : സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ സേവനം പുരയ്ക്ക് തീ പിടിയ്ക്കുമ്പോൾ വാഴ വെട്ടുമ്പോലെയെന്ന് പറയുന്നത് എത്രയോ ശരിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ.
അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
കോവിഡ് കാലത്ത് നാട്ടിലുടനീളം ഓരോ വാർഡ് തല ജാഗ്രത സമിതിയ്ക്കും പൾസ് ഓക്സീമീറ്റർ ആവശ്യമായി വന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ ഈടാക്കിയത് 3000 രൂപ, ഈ തുക സാധാരണക്കാർക്ക് താങ്ങാൻ പറ്റാതെ . വന്നപ്പോൾ സഹകരണ പ്രസ്ഥാനമായ കൺസ്യൂമർ ഫെഡ് വഴി 900 രൂപയ്ക്ക് ഇവ ജനങ്ങളിൽ എത്തിച്ചു. ഇത് വീണ്ടും 500 രൂപയിൽ എത്തി. അനിവാര്യമാണ് എന്ന് കണ്ടപ്പോൾ 3000 രൂപയ്ക്ക് വിറ്റത് കടുത്ത ചൂഷണമാണ് സ്വകാര്യ ആശുപത്രികൾ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണ മേഖലയുടെ പ്രാഥമിക ലക്ഷ്യം സാമൂഹ്യ പ്രതിബന്ധതയാണ്. ഇത് നിലനിർത്തിയാണ് ആതുര സേവന രംഗത്ത് സഹകരണ ആശുപത്രികളുടെ സേവനം. സഹകരണ മേഖലയിലെ ആശുപത്രികളെ താരതമ്യം ചെയ്യുമ്പോൾ പൊതുമേഖലയോടൊപ്പമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിച്ചു. അത്യാഹിത വിഭാഗത്തിൻറെ ഉദ്ഘാടനം ജമീല കാനത്തിൽ എംഎൽഎയും നവീകരിച്ച ഫാർമസിയുടെ ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബും, ലാബിന്റെ ഉദ്ഘാടനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും ഡിജിറ്റൽ കാർഡിന്റെ ഉദ്ഘാടനം അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രനും വെബ് സൈറ്റിന്റെ ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിതയും ഹെൽത്ത് കെയർ പദ്ധതിയുടെ ഉദ്ഘാടനം ജോയിൻറ് രജിസ്ട്രാർ ബി സുധയും ഫോട്ടോ അനാച്ഛാദനം കോഴിക്കോട് സഹകരണാശുപത്രി ചെയർമാൻ പിടി അബ്ദുൾ ലത്തീഫും നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് നാലു പുരക്കൽ, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ഒള്ളൂർ ദാസൻ, ആശുപത്രി പ്രസിഡൻറ് കെ.കെ. ബാബു, എം രജിത, എൻ. കെ. രാധാകൃഷ്ണൻ , ടി കെ വിജയൻ ,കോമള തോട്ടുളി
എന്നിവർ സന്നിഹിതരായി.
സെക്രട്ടറി എം കെ സാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഫോട്ടോ: മന്ത്രി വി എൻ വാസവൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2.മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.