പാലോറമലയിൽ രണ്ടാൾ പൊക്കത്തിൽ ഉരുളൻ കല്ല് അപകട ഭീഷണിയിൽ ; പരിഹാരം തേടി ഒപ്പ് ശേഖരിച്ച് പ്രദേശവാസികൾ
പാലോറമലയിൽ രണ്ടാൾ പൊക്കത്തിൽ ഉരുളൻ കല്ല് അപകട ഭീഷണിയിൽ ; പരിഹാരം തേടി ഒപ്പ് ശേഖരിച്ച് പ്രദേശവാസികൾ
Atholi News2 Aug5 min

പാലോറമലയിൽ രണ്ടാൾ പൊക്കത്തിൽ ഉരുളൻ കല്ല് അപകട ഭീഷണിയിൽ ; പരിഹാരം തേടി ഒപ്പ് ശേഖരിച്ച് പ്രദേശവാസികൾ 



Report :

എ എസ് ആവണി

Exclusive -



അത്തോളി : ഉള്ളിയേരി - അത്തോളി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാലോറമലയിൽ ഉരുളൻ കല്ലിൽ വിള്ളൽ കണ്ടെത്തി. 

പാലോറ മല സംരക്ഷണ സമിതി പ്രവർത്തകരും പ്രദേശവാസികളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്. 

news image

ഇക്കഴിഞ്ഞ ജനുവരിയിൽ

ചെങ്കുത്തായ മലയുടെ മുകൾ ഭാഗം സ്വകാര്യ വ്യക്തി ജെ സി ബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു . കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് മേൽ മണ്ണ് ഒലിച്ചു പോയി , ഇവിടെയാണ് രണ്ടാൾ പൊക്കത്തിലുളള ഉരുളൻ കല്ലിൽ വിള്ളൽ കണ്ടെത്തിയത്. 

ഉള്ളിയേരി പഞ്ചായത്ത് 10 ആം വാർഡിലെയും അത്തോളി പഞ്ചായത്ത് ഒന്നാം വാർഡിലെയും ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയാണ് ഉരുളൻ കല്ലിൻ്റ അവസ്ഥയുളളതെന്ന് പാലോറമല സംരക്ഷണ സമിതി കൺവീനർ എൻ വിശ്വംഭരൻ മാട്ടായി അത്തോളി ന്യൂസിനോട് പറഞ്ഞു.


വയനാട് മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ ദുരന്ത പശ്ചാത്തലത്തിലാണ് സമിതി പാലോറ മല സന്ദർശിച്ചത് . തുടർന്ന് വിവരം ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറിയേയും വില്ലേജ് ഓഫീസറെയും അറിയിച്ചു . ഇന്നലെ ഉച്ചയോടെ പഞ്ചായത്ത് ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വസ്തുത ശരിയെന്ന് മനസിലാക്കി . ഇന്ന് രാവിലെ ഇത് സംബന്ധിച്ച് പരാതിയും 

200 ഓളം കുടുംബങ്ങൾ ഒപ്പിട്ട നിവേദനവും അധികൃതർക്ക് നൽകി . ഉള്ളിയേരി പഞ്ചായത്ത് അധികൃതർ ദുരന്ത നിവാരണ അതോറിറ്റിക്ക് ഇന്ന് കൈമാറും . തുടർന്ന് സുരക്ഷാ നടപടിയിലേക്ക് കടക്കും.

2018 ലെ പ്രളയ കാലത്ത് ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്ന് 7 ഓളം കുടുംബങ്ങളെ കൂമുള്ളി സ്കൂളിൽ പ്രവർത്തിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. ഇതേ ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇക്കഴിഞ്ഞ മഴയിൽ ചമ്മിൽ മീത്തൽ ജലേഷിൻ്റെ വീടിന്റെ കിണർ ആൾ മറ യടക്കം താഴ്ന്നിറങ്ങിയിരുന്നു. 

news image

പഴയ കുറുമ്പ്രനാട് രാജ്യത്തിന്റെ സ്വത്ത് അവകാശത്തിൽ ഉൾപ്പെട്ട പാലോറമല അത്തോളി - ഉള്ളിയേരി പ്രദേശത്തുകാരുടെ 

കുടിവെള്ളസ്രോതസാണ് . 'പാൽ ഉറവ മല ' എന്നത് ചുരുക്കിയാണ് പാലോറമല യായത്. മാതാംതോട് , മൊടക്കല്ലൂർ നീർത്തടം , എടക്കോത്ത് താഴെ നീർത്തടം, കുന്നത്തറ നിർത്തടം എന്നിവയുടെയെല്ലാം ഉത്ഭവസ്ഥാനമാണ് പാലോറമല . 

50 വർഷങ്ങൾക്ക് മുൻപ് അത്തോളി പ്രദേശത്തുകാരാണ് പാലോറ മലയടിവാരത്ത് മിച്ച ഭൂമിയിൽ കുടിയേറിയെത്തിയത് . സ്ഥല വിഭജനത്തിൽ മലയുടെ ഭൂരിഭാഗവും ഉള്ളിയേരി പഞ്ചായത്തിലും താഴ് വാരത്തോട് ചേർന്ന് കൂമുള്ളി ഭാഗം അത്തോളി പഞ്ചായത്തിലും ഉൾപ്പെട്ടു.

2018 ലെ പ്രളയത്തിൽ ഭൂമിക്കടിയിൽ ശബ്ദം കേട്ട സ്ഥലം അത്തോളി പഞ്ചായത്തിലെ ചമ്മിൽ മീത്തൽ പ്രദേശമായിരുന്നു.

2021ൽ മലയുടെ മുകൾ ഭാഗത്ത് ജെ സി ബി ഉപയോഗിച്ച് സ്വകാര്യ വ്യക്തി മണ്ണ് മാറ്റാൻ തുടങ്ങി . ചെങ്കല്ല് ഖനനമാണെന്ന് മനസിലാക്കിയ നാട്ടുകാർ കൂടി ചേർന്ന് 2021 സെപ്റ്റംബറിൽ പാലോറ മല സംരക്ഷണ സമിതി രൂപീകരിച്ചു. ജിയോളജി വകുപ്പ് ആദ്യ ഘട്ടത്തിൽ  സമിതിയുടെ ആവശ്യങ്ങളോട് എതിർത്തെങ്കിലും പിന്നീട് മുട്ടുമടക്കി . 

' പാലോറമലയെ ഏത് വിധേയനേയും സംരക്ഷിക്കണം. അത് നാടിൻ്റെ ആവശ്യമാണ് . ഇന്നേക്ക് മാത്രമല്ല , നാളെക്കുളള കരുതലാണ് - 

വിശ്വംഭരൻ പറഞ്ഞു.


"തിരുത്തോത്ത് മീത്തൽ കോളനി റോഡിൽ നിന്നും 50 മീറ്റർ ചെങ്കുത്തായ വഴിയിൽ തൈക്കൂട്ടത്തിൽ മീത്തൽ ചെറിയേരി പറമ്പത്ത് ഭാഗത്താണ് മണ്ണ് ഒലിച്ച് പോയ സ്ഥലത്ത് രണ്ടാൾ പൊക്കത്തിൽ ഉരുളൻ കല്ല് ഉള്ളത് , ഈ കല്ലിലാണ് വിള്ളൽ കാണപ്പെട്ടത്. വരും ദിവസങ്ങളിൽ അതി ശക്തമായ മഴ പെയ്താൽ കൂടുതൽ സങ്കീർണമാകും. കല്ല് താഴേക്ക് നിലം പതിച്ചാൽ ചെന്ന് പതിക്കുക നാറാത്ത് ഭാഗത്താകും. ഇവിടെ യുള്ള 75 ഓളം കുടുംബങ്ങൾക്കാണ് നേരിട്ട് ഭീഷണി ഉയരുന്നത് . കൂമുള്ളി , മൊടക്കല്ലൂർ , മാമ്പൊയിൽ പ്രദേശത്തുകാർക്ക് പാർശ്വഫലം അനുഭവിക്കേണ്ടിവരും - വിശ്വംഭരൻ  വിശദീകരിച്ചു. 

സമിതിയുടെ ചെയർമാൻ വിനീഷ് ആർ തൈക്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ പരാതി നൽകി.

അനുകൂല നടപടി കാത്തിരിക്കുകയാണ് പ്രദേശവാസികൾ .

Recent News