കല്യാണ വീട്ടിൽ സ്വർണാഭരണം
നഷ്ടപെട്ടു ; ചേമഞ്ചേരി സ്വദേശി
തിരിച്ച് നൽകി മാതൃകയായി
Report :
എ എസ് ആവണി
അത്തോളി : വി കെ റോഡ് സ്നേഹ നഗറിൽ കല്യാണ വീട്ടിൽ എത്തിയ തലശ്ശേരി സ്വദേശികളായ ദമ്പതികളുടെ ഒന്നര പവന്റെ ചെയിനും ലോക്കറ്റും റോഡിൽ നഷ്ടപ്പെട്ടു. മണിക്കൂറുകൾക്കകം ചേമഞ്ചേരി സ്വാദേശി അത്തോളി പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി.
സ്നേഹ നഗറിൽ രാജൻ - അജിത ദമ്പതികളുടെ മകൻ ജിഷ്ണുവിന്റെ വിവാഹത്തലേന്നുള്ള ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങളായ തലശ്ശേരി പാനൂർ പാറാട്ട് വീട്ടിൽ റിജേഷും ഭാര്യ ആതിരയും മകനും ശനിയാഴ്ച എത്തിയത് .
മകന്റെ കഴുത്തിലണിഞ്ഞതായിരുന്നു ചെയിൻ. രാത്രി 7.30 ഓടെയാണ് കല്യാണ വീട്ടിൽ എത്തിയത്. രാത്രി 9.30 ഓടെ കുറ്റ്യാടിയിൽ ഭാര്യ വീട്ടിലേക്കുള്ള വഴിയിൽ വെച്ചാണ് ആഭരണം നഷ്ടപ്പെട്ടത് അറിയുന്നത്. വിവരം കല്യാണ വീട്ടുകാരെയും അറിയിച്ചു. മണിക്കൂറുകൾക്കകം ഒരാൾ ചെയിനും ലോക്കറ്റും അത്തോളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെന്ന വിവരം ലഭിച്ചു. ഇന്ന് ( ഞായർ ) രാവിലെ അത്തോളി പോലീസ് സ്റ്റേഷനിൽ എത്തി മാതൃക കാണിച്ച ചേമഞ്ചരി സുനാമി കോളനിയിലെ പി ജയരാജനിൽ നിന്നും റിജേഷ് ആഭരണങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു.
ജയരാജൻ ഭാര്യയുടെ അസുഖത്തെ തുടർന്ന് ചികിത്സിക്കാൻ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ,
ഈ സാഹചര്യത്തിലും കളഞ്ഞ് കിട്ടിയത് സ്വന്തമാക്കാതെ തിരികെ ഏൽപ്പിച്ച ജയരാജന്റെ മാതൃക പ്രശംസനീയമാണെന്ന് പോലീസുകാർ പറഞ്ഞു.
"പാരിതോഷികമായി ഒരു തുക കൊടുത്തു. വലിയ മനസിന്റെ ഉടമയാണ് , ഇങ്ങിനെയുള്ളവരും ഇവിടെ ഉണ്ടല്ലോ ...? അത്ഭുതം , അദ്ദേഹത്തെ ഇനിയും സഹായിക്കണം - നമ്പർ കൊടുത്തിട്ടുണ്ട് ആവശ്യമുള്ളപ്പോൾ വിളിക്കാൻ" -ഖത്തറിൽ ഓയിൽ ആന്റ് ഗ്യാസ് സ്ഥാപനത്തിൽ ജീവനക്കാരനായ റിജേഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.