വട്ടക്കളിയോടെ കാവ് ഉണർന്നു ;കൊങ്ങന്നൂർ ആശാരിക്കാവിൽ ഇന്ന് തിറ മഹോത്സവം
ഒരേ സമയം 5 പേർ വേഷം കെട്ടിയാടുന്ന കണ്ഠത്ത് രാമൻ തിറ മലബാറിൽ അപൂർവ്വം
ആവണി എ എസ്
അത്തോളി :ദേശത്തെയും ദേവരേയും ഏറ്റുചൊല്ലി ഉണർത്തുന്ന വട്ടക്കളിയോടെ ഈ വർഷത്തെ കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രം മഹോത്സവത്തിന് തുടക്കമായി.പതിറ്റാണ്ടായി മുറ തെറ്റാതെ ആചരിക്കുന്ന വട്ടക്കളിക്ക് ചരിത്രവും ഐതിഹ്യവും പ്രചാരത്തിലുണ്ട്.
കോരപ്പുഴക്ക് കിഴക്ക് മലയോര ഗ്രാമങ്ങൾ കുറുമ്പ്രനാട് രാജാവിന്റെതായിരുന്നു.
സാമൂതിരിയുടെ കൊങ്ങൻപടയാളികളെ താമസിപ്പിച്ച ഇടമാണ് അത്തോളിയിലെ കൊങ്ങന്നൂർ ഗ്രാമം .
നാട്ടു രാജ്യങ്ങളിൽ ഉൾപ്പെട്ടതെങ്കിലും ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്ക് അതത് ദേശക്കാരുടെയും തറവാട് കാരണവരുടെയും നേതൃത്വം ഉണ്ടായിരുന്നു. കാവുകളിൽ ഉത്സവ ചടങ്ങുകളിലേക്ക് ദേശത്തിൻ്റെ ശ്രദ്ധ കൊണ്ട് വരാനും പ്രദേശത്തെ ജാതി മത ഭേദമന്യേ എല്ലാവരെയും കൂട്ടി ചേർക്കാനും കൂടിയാണ് വട്ടക്കളി രൂപപ്പെടുത്തിയത്.
കാലം പിന്നിട്ടപ്പോഴും അതിന്നും തുടരുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രം. സമീപ ക്ഷേത്രങ്ങളിലെ പ്രതിനിധീകൾ വട്ടക്കളിയിൽ പങ്കാളികളാകാറുണ്ട്. വി കെ റോഡ് കുണ്ട്ലേരി ക്ഷേത്രം, ആനപ്പാറ കിഴക്കയിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് പരമ്പരാഗതമായി പങ്കെടുക്കാറുള്ളത്.വട്ടക്കളി പേര് പോലെ വട്ടത്തിൽ ചുറ്റിയാണ് കളി . 7 ദിവസത്തെ വ്രതം അനുഷ്ഠിക്കണം. തറവാടിന്റെ തിരുമുറ്റത്ത് നടുവിൽ വിളക്ക് വെച്ച് ദേവീ ദേവന്മാരെയും ദേശത്തെയും പ്രകീർത്തിച്ച് കളിയാശാൻ പാടും .ഒപ്പമുള്ളവർ അത് ഏറ്റ് ചൊല്ലും . ഒരു മണിക്കുർ പിന്നിടുമ്പോൾ കോമരക്കാർ ഉറഞ്ഞ് തുള്ളി അനുഗ്രഹിക്കും ഇതോടൊപ്പം മംഗളം പാടി വട്ടക്കളി അവസാനിപ്പിക്കും.
ഭക്തി നിർഭരമായ വട്ടക്കളിയോടെയാണ് ഉത്സവം ഉണർന്നത്.കുട്ടികളുടെ തിരുവാതിര,മാതൃസമിതിയുടെ തിരുവാതിര എന്നിവ അരങ്ങേറി.ഇന്ന്( വെള്ളി)രാവിലെ ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി കഴകം കയറൽ , ആഘോഷ വരവ് , വെള്ളാട്ടം, അന്നദാനം , തിറകൾ, പാണ്ഡിമേളത്തിൻ്റെ അകമ്പടിയിൽ ഭഗവതി തിറയോടുകൂടി താലപ്പൊലി, തുടർന്ന് വെടിക്കെട്ട് എന്നിവ നടക്കും. രാത്രി 12 മണിയോടെ കാവിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഒരേ സമയം 5 പേർ വേഷം കെട്ടിയാടുന്ന കണ്ഠത്ത് രാമൻ തിറ അരങ്ങിൽ എത്തും . മലബാറിൽ അപൂർവത നേടിയ ഈ തിറ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്.(ശനി) നാളെ ഗുളികൻ തിറയോടെ സമാപനം.
ഫോട്ടോ : വട്ടക്കളി, തിരുവാതിരക്കളി