
കോഴിക്കോട് - ബാലുശേരി റോഡരികിൽ ഭീഷണിയായി മരങ്ങൾ : മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ബാലുശ്ശേരി : ബാലുശേരി-കോഴിക്കോട് റോഡരികിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
കരിക്കാംകുളം മുതൽ ബാലുശേരിമുക്ക്
വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി നിൽക്കുന്ന മരങ്ങളാണ് ഭീഷണിയായി മാറുന്നത്. മഴക്കാലത്ത് മരങ്ങൾ വീഴുമ്പോൾ മാത്രമാണ് നടപടിയെടുക്കുന്നത് എന്നാണ് ആക്ഷേപം. എരക്കുളത്തിന് സമീപം കഴിഞ്ഞ മാസം തെങ്ങ് കടപുഴകി റോഡിലേക്ക് വീണു. കക്കോടി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലുള്ള തണൽമരവും അപകടഭീഷണിയിലാണെന്ന് മനസിലാക്കുന്നു.
15 ദിവസത്തിനകം ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ 28 ന് കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.