കൊയിലാണ്ടിക്കാരി ജയേച്ചിയെ കാത്ത് കാക്കകൾ ',കാരുണ്യം സഹജീവികളോടും വേണമെന്ന് ഓർമ്മപ്പെടുത്തുന്ന ജീവിത
കൊയിലാണ്ടിക്കാരി ജയേച്ചിയെ കാത്ത് കാക്കകൾ ',കാരുണ്യം സഹജീവികളോടും വേണമെന്ന് ഓർമ്മപ്പെടുത്തുന്ന ജീവിത കഥ
Atholi News26 Jul5 min

കൊയിലാണ്ടിക്കാരി ജയേച്ചിയെ കാത്ത് കാക്കകൾ ',കാരുണ്യം സഹജീവികളോടും വേണമെന്ന് ഓർമ്മപ്പെടുത്തുന്ന ജീവിത കഥ 




എ എസ് ആവണി 



കൊയിലാണ്ടി :കാക്കകളെയും പൂച്ചകളെയും എന്നു വേണ്ട സർവ്വ മിണ്ടാപ്രാണികളെയും സ്നേഹിക്കുകയും അവർക്കു വേണ്ടി ജീവിതം മാറ്റിവെക്കുകയും ചെയ്ത ജയലക്ഷ്മി എന്ന ജയേച്ചിയുടെ വിശേഷങ്ങളിലേക്ക്. കൊയിലാണ്ടി പന്തലായനി മിനി സിവിൽ സ്റ്റേഷനിൽ ഐ സി ഡി എസ് ഓഫീസിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തുവരുന്ന ജയലക്ഷ്മിയ്ക്ക് നേരം പുലർന്നാൽ ഓഫീസിലത്താൻ തിരക്കാണ്. കാരണം ജീവനോളം സ്നേഹിക്കുന്ന മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകണം, അവരെ ശുശ്രൂഷിക്കണമെന്ന ചിന്ത മാത്രം.

ഉദ്യോഗസ്ഥരുൾപ്പെടെയുളളവർ  ഓഫീസിലെത്തുന്നതിനു മുൻപു തന്നെ ഓഫീസ് വൃത്തിയാക്കി തന്റെ പ്രിയപ്പെട്ട ഡിഫ്രെന്റ്ലി ഏബ്ള്ഡ് ആയ കാക്കയ്ക്ക് ഭക്ഷണം നൽകുക എന്നതാണ് അവരുടെ ആദ്യ ദൗത്യം.  

ജയേച്ചിയെ കാത്തിരിക്കുന്ന കാക്കയുടെ രംഗം ഓഫിസിലുള്ള എല്ലാവർക്കും പരിചിതമാണ്. ഓഫീസിലെത്തുന്ന അടുപ്പമുള്ളവരോടുള്ള കുശലാന്വേഷണത്തിനിടയിലും അവരുടെ ശ്രദ്ധ കാക്കയുടെ കരച്ചിലിൽ ആയിരിക്കും . 

ഉച്ചയ്ക്ക് തിരികെ വീട്ടിലേക്ക് പോകുന്നത് വരെ തന്റെ കൈവശമുള്ള ഇറച്ചി കഷ്ണങ്ങളും അപ്പ കഷ്ണങ്ങളുമെല്ലാം കാക്കയ്ക്ക് നൽകുന്നതും സ്ഥിരം കാഴ്ചയാണ്. 

കാക്കകളും ജയേച്ചിയും തമ്മിലുള്ള സംഭാഷങ്ങൾ അടുത്തുള്ള ഓഫീസിലുള്ളവർക്കുൾപ്പെടെ എല്ലാവർക്കും പരിചിതമാണ്.  "ഞാൻ റിട്ടയേർഡ് ആവാൻ പോകുകയാ..ഇനി നീയെന്തു ചെയ്യും" എന്നുള്ള അവരുടെ സംസാരമെല്ലാം അവിടെയുള്ളവർ കേൾക്കാറുണ്ട്.

അപ്പോഴെല്ലാം അവർ അറിയാതെ ആ അമ്മ മനസ്സിനെ നമിച്ചു പോകുകയാണ്.

കാക്കകൾ മാത്രമല്ല തെരുവു നായകളും അവരുടെ സ്നേഹ വലയത്തിനുള്ളിലാണ്. 

ഓഫീസുമായി ബന്ധപ്പെട്ട് പുറത്തെ ഹോട്ടലിലോ മറ്റോ ഭക്ഷണ പരിപാടികൾ ഉണ്ടെങ്കിൽ അവിടെ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ കവറുകളിലാക്കി അവർ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള നായകൾക്ക് നൽകുന്നത് പതിവാണ്. ഇതും അവരുടെ പകരം വെക്കാനില്ലാത്ത സഹജീവി സ്നേഹത്തിന്റെ മറ്റൊരു നേർക്കാഴ്ച മാത്രം.

ദീർഘകാലം ബോംബെയിൽ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കാരിയും നല്ലൊരു പുസ്തക പ്രേമിയും കൂടിയായിരുന്ന ഇവർ ആദ്യ കാലങ്ങളിൽ നാട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു.

ശാരീരിക അവശതകൾ വകവെക്കാതെ നായകൾക്കും പൂച്ചകൾക്കുമെല്ലാം ഭക്ഷണം നൽകിയിരുന്ന ജയേച്ചിക്ക് ചക്കര എന്ന് പേരുള്ള നായയോടുള്ള സ്നേഹം എടുത്തു പറയേണ്ടതാണ്.

പലപ്പോഴും  വിറക് പുരയുടെ മുകളിൽ അസുഖമായി കിടക്കുന്ന പൂച്ചയെ ശുശ്രൂഷിക്കുന്നതിനിടെ താഴെവീണ് അവർക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്.

മിണ്ടാപ്രാണികളോടുള്ള സ്നേഹത്തിനു പുറമേ അവർ ഒട്ടേറെ ചെടികളെയും പരിപാലിക്കുന്നുണ്ട്. ഇതിനു തെളിവാണ് അവരുടെ വീട്ടിലെ പൂന്തോട്ടം.

ഇതിനു പുറമേ മറ്റു രംഗങ്ങളിലും അവരുടെ പ്രവർത്തനങ്ങൾ എത്തുന്നുണ്ട്. പെൺകുട്ടികൾക്കുള്ള ഹെയർ ബാൻഡുകളും മാലകളുമെല്ലാം സ്വയം തയ്യാറാക്കി നൽകുക എന്നതാണ് അതിലൊന്ന്.

ഉത്തരേന്ത്യക്കാരനായ ഭർത്താവ് നഷ്ടമായതിൽ പിന്നെ ജയലക്ഷ്മിയുടെ താമസം തനിച്ചാണ്. ഏകമകൻ പട്ടാളത്തിൽ ജോലി ചെയ്തു വരുന്നു.

ഇന്ന് പൊതുവെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വവും സഹജീവി സ്നേഹവുമെല്ലാം പൂർണ്ണമായി വറ്റിപ്പോയിട്ടില്ലെന്നതിന്റെ തെളിവും ഉത്തമമാതൃകയുമാണ് ജയലക്ഷ്മിയെന്ന ഈ മധ്യവയസ്‌കയുടെ ജീവിതം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അവർ ജയങ്ങളുടെ ലക്ഷ്മിയാവുന്നത് നന്മ നിറഞ്ഞ ഒരു ജീവിതം ലോകത്തിനു സമർപ്പിക്കുന്നതിലൂടെയാണ്.

Recent News