ചീക്കിലോട് സ്‌റ്റേഡിയം നിര്‍മാണം ഏഴ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന്   മന്ത്രി എ കെ ശശീന്ദ്രൻ. 'ഒരു
ചീക്കിലോട് സ്‌റ്റേഡിയം നിര്‍മാണം ഏഴ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' ആലോചന യോഗത്തിൽ വേഗം നടപ്പിലാക്കാൻ നിർദേശിച്ച് മന്ത്രി
Atholi News5 Oct5 min

ചീക്കിലോട് സ്‌റ്റേഡിയം നിര്‍മാണം ഏഴ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് 

മന്ത്രി എ കെ ശശീന്ദ്രൻ. 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' ആലോചന യോഗത്തിൽ വേഗം നടപ്പിലാക്കാൻ നിർദേശിച്ച് മന്ത്രി 



നന്മണ്ട :കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാന്‍ ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് നിര്‍മിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മണ്ഡലം എംഎല്‍എ കൂടിയായ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 


ഇതിനകം ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഒരു മാസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തിൽ ഏഴ് മാസത്തിനകം സ്റ്റേഡിയം യാഥാർഥ്യമാക്കാനാണ് പദ്ധതി. 


എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള 50 ലക്ഷം രൂപയും കായികവകുപ്പിന്റെ 50 ലക്ഷവും അടക്കം ഒരു കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിക്കുക. സ്റ്റേഡിയത്തിന്റെ ഭാഗമായി ഗാലറി, സംരക്ഷണ ഭിത്തി, ഫെന്‍സിംഗ്, ഫ്‌ളഡ് ലൈറ്റുകള്‍, ഗേറ്റ്, ഓവുചാല്‍ സംവിധാനം ഗ്രൗണ്ട് നവീകരണ പ്രവൃത്തികള്‍ എന്നിവയാണ് ഒരുക്കുക. ഇതിനു പുറമെ, ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ ഒരുക്കുന്നതിനാവശ്യമായ മൂവബ്ള്‍ പോസ്റ്റുകളും സ്‌റ്റേഡിയത്തില്‍ സജ്ജമാക്കും. 


സ്റ്റേഡിയത്തിന്റെ കോംപൗണ്ട് വാള്‍ ഉള്‍പ്പെടെയുള്ള മറ്റു അനുബന്ധ പ്രവൃത്തികള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി.


കളിക്കളങ്ങള്‍ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ചീക്കിലോട്ടെ പഞ്ചായത്ത് ഗ്രൗണ്ടിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 


കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു, ഗ്രാമപഞ്ചായത്ത് അംഗം എന്‍ സ്മിത, പദ്ധതി നടപ്പിലാക്കുന്ന സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ അച്ചു, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Recent News