ലോക ഫോക് ലോർ ദിനാഘോഷം
ആഗസ്റ്റ് 22ന്: പാട്ടുകൂട്ടം ഫോക്ക് ലോർ കലാപഠനകേന്ദ്രം അവാർഡ് പ്രഖ്യാപിച്ചു
കോഴിക്കോട്: പാട്ടു കൂട്ടം നാടൻ കലാപഠന ഗവേഷണ അവതരണ സംഘം 2023 ലെ പാട്ടുകൂട്ടം വാർഷിക പുരസ്ക്കാരം പ്രഖ്യാപിച്ചു.
സാമൂഹിക- സാസ്ക്കാരിക- സാഹിത്യ - മാധ്യമ മേഖലകളിലെ പ്രതിഭകൾക്കാണ് ഇത്തവണ അവാർഡ് നൽകുന്നത്.
ബാബു പറശ്ശേരി ( സാസ്കാരിക രത്നം ),
കുമ്മങ്ങോട്ട് വാളാഞ്ചി ( മരണാനന്തര ബഹുമതി -കലാ രത്നം ),
അജീഷ് അത്തോളി ( മാധ്യമ രത്നം ) എം എ ഷഹനാസ് ( വനിത രത്നം ) എന്നിവർക്കാണ്
10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് നൽകുന്നതെന്ന്
സംഘടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് വിത്സൻ സാമുവൽ ചെയർമാനും പാട്ടു കൂട്ടം കോഴിക്കോട് ഡയറക്ടർ ഗിരീഷ് ആമ്പ്ര കൺവീനറുമായ അഞ്ച് അംഗ സമിതിയാണ് പുരസ്ക്കാര ജേതാക്കളെ നിർണ്ണയിച്ചത്.
ലോക ഫോക് ലോർ ദിനാഘോഷത്തോടെനുബന്ധിച്ച് ആഗസ്റ്റ് 22 ന് വൈകീട്ട് 5.30 ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ശശി അവാർഡുകൾ സമ്മാനിക്കും.
ജീവ കാരുണ്യ സഹായ വിതരണവും ചടങ്ങിൽ നടക്കും.
കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട്, ചലച്ചിത്ര നടി അഞ്ജലി അമീർ എന്നിവർ മുഖ്യതിഥികളാകും.
22 ന് രാവിലെ 9 മണിക്ക് നാടൻ പാട്ട് മത്സരം കേരള ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് കെ യു ഹരിദാസ് വൈദ്യർ തൃശൂർ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് മണ്ണടുപ്പ് മണ്ണറിവ് ശിൽപ്പശാല ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ ഉദ്ഘാടനം ചെയ്യും. മണ്ണ് പര്യവേഷണ വകുപ്പ് സീനിയർ കെമിസ്റ്റ് രവി മാവിലാൻ ക്ലാസെടുക്കും. വൈകീട്ട് 3 ന് ഫോക്ക് ലോറും കവിതയും - കാവ്യ സായാഹ്നം ഗാനരചയിതാവ് കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്യും. കവി സ്വാമി ദാസ് മുചുകുന്ന് മുഖ്യപ്രഭാഷണം നടത്തും. വിജു വി രാഘവ്, സുരേഷ് പാറപ്രം , ബിജു ടി ആർ പുത്തഞ്ചേരി, ജോബി മാത്യൂ , റഹീം പുഴയോരത്ത്, ടി എം സീനത്ത് എന്നിവർ കവിയരങ്ങിൽ പങ്കെടുക്കും. അവാർഡ് വിതരണ ചടങ്ങിന് ശേഷം നാടൻ പാട്ടും കലാ പ്രകടനങ്ങളുമായി വാമൊഴിത്താളം അരങ്ങേറും .
പത്ര സമ്മേളനത്തിൽ
പുരസ്ക്കാര സമിതി ചെയർമാൻ വിൽസൺ സാമുവൽ , കൺവീനർ ഗിരീഷ് ആമ്പ്ര, ജൂറി അംഗം കോട്ടക്കൽ ഭാസ്ക്കരൻ ,പ്രോഗ്രാം കൺവീനർ ടി എം സത്യജിത്ത് , ഒ ബി കുറുപ്പ് എന്നിവർ പങ്കെടുത്തു.