തുടർച്ചയായി പെയ്ത മഴ :
അത്തോളിയിൽ ഇരുനില ജീർണിച്ച കെട്ടിടം നിലം പൊത്തി ; ബൈക്ക് യാത്രികന് പരിക്കേറ്റു
ആവണി എ എസ്
അത്തോളി : ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയിലുമായി പെയ്ത തുടർച്ചയായ മഴയെ തുടർന്ന് അത്തോളി ടൗണിലെ ഇരു നില ജീർണിച്ച കെട്ടിടം തകർന്ന് നിലം പൊത്തി. കെട്ടിട അവശിഷ്ടങ്ങൾ റോഡിലേക്ക് വീണ് സ്കൂട്ടർ യാത്രികന് പരിക്കേറ്റു.
നടുവണ്ണൂർ കരിമ്പാ പൊയിൽ കല്ലാടം കണ്ടി കുനിയിൽ ഷിയാസിനാണ്
പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇടത്
തോൾ എല്ലിനും ഇടത് കാൽപാദത്തിനും പരിക്കേറ്റ് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ഷിയാസ് ,നടുവണ്ണൂരിലെ
വീട്ടിൽ നിന്നും പൂക്കാട് വാഴക്കുല മൊത്തവ്യാപാര കടയിലേക്ക് സ്കൂട്ടറിൽ ജോലിക്ക് പോകുകയിരുന്നു . അത്തോളി ടൗണിൽ വീതി കുറഞ്ഞ ഭാഗത്ത് പീടിക കണ്ടി പറമ്പിലെ ജീർണ്ണിച്ച കെട്ടിടമാണ് തകർന്നത് . ആ സമയത്തായിരുന്നു ഷിയാസ് അത് വഴി യാത്ര ചെയ്തത്. കെട്ടിടാവശിഷ്ടം തെറിച്ചാണ് കൈക്ക് പരിക്കേറ്റത് , തുടർന്ന് സ്ക്കൂട്ടർ മറിഞ്ഞ് കാലിനും പരിക്കേറ്റു.
" വലിയ ശബ്ദം കേട്ടാണ് ഞാനും ട്രെയിലർ ഷോപ്പിലെ വിശ്വനും ഓടി വന്നത് ,37 വർഷമായി ഇവിടെ കോഴിക്കച്ചവടം നടത്തുന്നു അതിനും മുൻപേ തുടങ്ങിയതാ റോഡിന് വീതി കൂട്ടുമെന്ന് , അതിന് തടസമായി കൊറോ പീട്യാകയും.... മാസങ്ങൾക്ക് മുമ്പ് അളവ് എടുക്കൽ ഒക്കെ ഉണ്ടായിരുന്നു,പിന്നെ ഒന്നും കണ്ടില്ല...എന്തേലും അപകടം വന്നാലേ മാറ്റം ഉണ്ടാകുന്നാ അവസ്ഥ..... സമീപത്തെ നൂർ ചിക്കൻ സ്റ്റാൾ നടത്തുന്ന വി എച്ച് അബ്ദു റഹ്മാൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
കുറച്ചൂടെ കഴിഞ്ഞാണ് വീണതെങ്കിൽ എന്താകുമായിരുന്നു, അവസ്ഥ.. കാൽ നടയാത്രക്കാർക്ക് പോലും ഈ ഭാഗത്ത് യാത്ര ചെയ്യാൻ പറ്റാത്ത സ്ഥലം ..... വാഹനങ്ങളുടെ തിരക്ക് ... അബ്ദുറഹ്മാൻ ആശങ്ക പങ്ക് വെച്ചു.
..........
പീടികകണ്ടി പറമ്പിലെ കെട്ടിടം ജീർണാവസ്ഥയിലായിട്ട് വർഷങ്ങളായി. നാട്ടുകാർ വില്ലേജ് ഓഫീസർക്കും ജില്ലാ കലക്ടർക്കും ഗ്രാമ പഞ്ചായത്തിനും പരാതി നൽകിയിരുന്നു. ഉടമസ്ഥരോട് കെട്ടിടം അറ്റകുറ്റ പണി നടത്താനോ പൊളിച്ച് മാറ്റാനോ അധികൃതർ നിർദ്ദേശിച്ചിട്ടും ഉടമസ്ഥർ തയ്യാറായിരുന്നില്ലന്ന് പരാതിയുണ്ട്. ഈ കെട്ടിടത്തിന്റെ പിറക് വശത്ത് ഒരു ട്രാൻസ്ഫോമറുണ്ട് , അവശേഷിക്കുന്ന കെട്ടിടത്തിൻ്റെ ചുമര് അതിന്മേൽ വീണാൽ കൂടുതൽ അത്യാഹിതം സംഭവിക്കാൻ സാധ്യതയുണ്ട്. റോഡ് വികസനത്തിൻ്റെ ഭാഗമായി ഈ കെട്ടിടം പൊളിച്ച് മാറ്റേണ്ടിവരുമെന്നതിനാലാണ് ഉടമസ്ഥർ മാറ്റിപ്പണിയാൻ തയ്യാറാവാത്തതെന്നാണ് അറിയുന്നത്. തെരുവിൻ പുറായിൽ മൈമൂനയുടെയും സഹോദരൻ്റെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഗ്രാമ പഞ്ചായത്ത് മെമ്പർ വി പി സന്ദീപ് കുമാർ , മാട്ടട ലതീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡിലേക്ക് വീണ കെട്ടിടാവശിഷ്ടങ്ങൾ എടുത്ത് മാറ്റി. സമാന രീതിയിലുള്ള ഏതാനും കെട്ടിടങ്ങൾ സമീപത്തുണ്ട്. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടത്തിന് നാടും നാട്ടുകാരും സാക്ഷിയാകേണ്ടിവരും.