രോഗികൾക്ക് ആശ്വാസം :
കുടുംബാരോഗ്യ കേന്ദ്രത്തിലെ
കാത്തിരിപ്പ് കേന്ദ്രം തുറന്നു
അത്തോളി : ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി വിഭാഗത്തിൽ ഗ്രാമ പഞ്ചായത്ത് പുതുതായി
നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രം രോഗികൾക്ക് ആശ്വാസമായി. ദിനംപ്രതി നിരവധി രോഗികളാണ് അത്തോളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ടോക്കൺ എടുത്തതിനു ശേഷം ഡോക്ടറുടെ പരിശോധനയ്ക്കായി കാത്തുനിൽക്കുന്നവർക്ക് വെയിലും മഴയും കൊണ്ട് ബുദ്ധിമുട്ടായിരുന്നു. ഇരുമ്പ് ഷീറ്റിട്ട മേൽക്കൂരയും ഗ്രില്ലും ഇരിക്കാനുള്ള ഇരിപ്പിടവും മറ്റും അടങ്ങുന്നതാണ് ഈ കാത്തിരിപ്പ് കേന്ദ്രം. ഡോക്ടറെ കാണാനും ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാനും ലാബ് ടെസ്റ്റ് നടത്താനുമുള്ള സൗകര്യങ്ങൾ ഒരേ മേൽക്കൂരക്ക് കീഴിലായതോടെ രോഗികൾക്ക് വലിയ ആശ്വാസമായി.
അത്തോളി ഗ്രാമ പഞ്ചായത്ത്
ഫണ്ടുപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഒ.പി കാത്തിരിപ്പു കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷീബ രാമചന്ദ്രൻ, എ.എം.സരിത, സുനീഷ് നടുവിലയിൽ, മെമ്പർമാരായ സന്ദീപ് കുമാർ, എ.എം. വേലായുധൻ, ഡോ. ബി. ബിനോയ്, സുനിൽ കൊളക്കാട്, ടി.പി. ഹമീദ്, എച്ച്ഐ രതീഷ് എന്നിവർ പ്രസംഗിച്ചു.